ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച; സ്വർണവില കുറഞ്ഞു

ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച; സ്വർണവില കുറഞ്ഞു

December 13, 2024 0 By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും വൻ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ, ഐ.ടി സെക്ടറുകളുടെ തകർച്ചയാണ് വിപണിയിലും പ്രതിഫലിച്ചത്. നവംബറിൽ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പണപ്പെരുപ്പം ഉയർന്നത് ആർ.ബി.ഐ നിരക്ക് കുറക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയത് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

977 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. 1.20 ശതമാനം നഷ്ടത്തോടെ 80,312.97 പോയിന്റിലാണ് സെൻസെക്സിലെ വ്യാപാരം. നിഫ്റ്റി 292 പോയിന്റ് നഷ്ടത്തോടെ 24,256 പോയിന്റിലാണ് വ്യാപാരം.

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.16 ലക്ഷം കോടി കുറഞ്ഞ് 452.99 ലക്ഷം കോടിയായി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം കുറഞ്ഞിരുന്നു. 5.48 ശതമാനമായാണ് റീടെയിൽ പണപ്പെരുപ്പം കുറഞ്ഞത്.

ജെ.എസ്.ഡബ്യു, ടാറ്റ സ്റ്റീൽ, ഇൻഡസ് ബാങ്ക്, എൽ & ടി, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവക്കാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ഓഹരികൾക്ക് 2.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ഐ.ടി, ഫാർമ, പി.എസ്.യു ബാങ്ക് എന്നിവ ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി.

അതേസമയം, സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. 7,230 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി.