കേരള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
November 28, 2024തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേരള ബാങ്ക് ജീവനക്കാർ നടത്തുന്ന ത്രിദിന പണിമുടക്ക് ആരംഭിച്ചു.
ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ക്ഷാമബത്ത 20 ശതമാനം അനുവദിക്കുമെന്ന സഹകരണമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നുവർഷമായി തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്നുവർഷമായ ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.
പണിമുടക്കിന് തലേദിവസം സർക്കാർ പ്രഖ്യാപിച്ച പേ-റിവിഷൻ കമ്മിറ്റി കീഴ്വഴക്കങ്ങൾക്ക് വിരുദ്ധവും ജീവനക്കാരെ കബളിപ്പിക്കാനുമാണ്. റിപ്പോർട്ട് സമർപ്പിക്കാൻ കാലാവധി നിശ്ചയിക്കാതെയും ടേംസ് ഓഫ് റഫറൻസില്ലാതെയും ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്താതെയും സർക്കാർ ഉദ്യോഗസ്ഥരെ വെച്ചുണ്ടാക്കിയ കമ്മിറ്റി വ്യവസ്ഥാപിതമായ രീതിയിൽ പുനഃസംഘടിപ്പിക്കുക എന്ന ആവശ്യവും പണിമുടക്കിൽ ഉന്നയിച്ചു. പണിമുടക്കിനെ തുടർന്ന് കേരള ബാങ്ക് ശാഖകളുടെ പ്രവർത്തനം സംസ്ഥാനത്താകെ തടസ്സപ്പെട്ടു. പലയിടത്തും ഓരോ ജീവനക്കാരെവെച്ച് ശാഖകൾ തുറന്നെങ്കിലും ഇടപാടുകൾ നടന്നില്ല.
അതേസമയം, പണിമുടക്കിന്റെ സാഹചര്യത്തിൽ ബാങ്കിന്റെ 823 ശാഖയും തുറന്നു പ്രവർത്തിക്കുന്നതിനും പ്രവർത്തനം തടസ്സപ്പെടാതിരിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കേരള ബാങ്ക് അറിയിച്ചു. ആർ.ടി.ജി.എസ്, നെഫ്റ്റ് ക്ലിയറിങ് ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.