രണ്ട് പൈസ ഇടിഞ്ഞ് റെക്കോഡ് തകർച്ചയിൽ രൂപ
November 13, 2024ന്യൂഡൽഹി: വ്യാപാരത്തിന്റെ ആദ്യപാദത്തിൽ ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിൽ. ഡോളറിനെതിരെ രണ്ട് പൈസ നഷ്ടത്തിൽ എക്കാലത്തേയും താഴ്ന്ന നിരക്കായ 84.40 ത്തിലേക്കാണ് രൂപയുടെ പതനം. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ രണ്ട് പൈസ ഇടിഞ്ഞതാണ് രൂപക്ക് തിരിച്ചടിയായത്.
ഡോണൾഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ ഡോളർ കരുത്തുകാട്ടി മുന്നേറുകയാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപം കുറയുന്നതാണ് രൂപയുടെ പതനത്തിന് പ്രധാന കാരണം. ഒക്ടോബറിൽ മാത്രം 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
അതേസമയം, റിസർവ് ബാങ്കിന്റെ ശക്തമായ വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ സഹായത്താൽ രൂപ 83.80നും 84.50ത്തിനുമിടയിൽ വ്യാപാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഒരു പൈസ ഇടിഞ്ഞ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.38 ആയിരുന്നു.