പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ
November 13, 2024ന്യൂഡൽഹി: രാജ്യത്തിന്റെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഒക്ടോബറിലെ പണപ്പെരുപ്പം 6.21 ശതമാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റിസർവ് ബാങ്ക് നിശ്ചയിച്ച സഹന പരിധിക്കും പുറത്താണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം കൂടാൻ പ്രധാന കാരണം. സെപ്റ്റംബറിൽ പണപ്പെരുപ്പ നിരക്ക് 5.49 ശതമാനവും 2023 ഒക്ടോബറിൽ 4.87 ശതമാനവുമായിരുന്നു. റിസർവ് ബാങ്കിന്റെ സഹന നിരക്കിന്റെ പരമാവധി ആറു ശതമാനമാണ്.
ഭക്ഷ്യവസ്തുക്കളുടെ വില 10.87 ശതമാനമാണ് ഒക്ടോബറിൽ വർധിച്ചത്. സെപ്റ്റംബറിൽ ഇത് 9.24 ആയിരുന്നു. പച്ചക്കറി, പഴവർഗങ്ങൾ, എണ്ണ തുടങ്ങിയവക്കാണ് കാര്യമായി വില കൂടിയത്. എന്നാൽ ധാന്യങ്ങൾ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനം എന്നിവയുടെ വിലയിൽ കുറവുണ്ടായി. അതേസമയം രാജ്യത്തിന്റെ വ്യവസായ ഉത്പാദനത്തിൽ 3.1 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.