കൊച്ചി ലുലു ടവറിൽ ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു
November 13, 2024 0 By BizNewsകൊച്ചി: ഐബിഎമ്മിന്‍റെ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ് ആരംഭിച്ചത്.
വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകതയാണ്.
ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎമ്മിന്‍റെ പുതിയ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്‍റെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐബിഎമ്മിന്‍റെ വാട്സണ്‍എക്സ് പ്ലാറ്റ്ഫോമിലുള്ള ജെന്‍എഐ ലാബുമായി സഹകരണം വര്‍ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനോവേഷന്‍ സെന്‍ററില്‍ തങ്ങളുടെ എഐ പരീക്ഷണങ്ങള്‍ നടത്താവുന്ന സംവിധാനം ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു.
ഐബിഎമ്മിന്‍റെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി എക്സ്പീരിയന്‍സ് സെന്‍റര്‍ പുതിയ സംവിധാനത്തിലുണ്ടാകുമെന്ന് ഐബിഎം ഇന്ത്യാ സോഫ്റ്റ്വെയര്‍ ലാബ്സ് വൈസ്പ്രസിഡന്‍റ് വിശാല്‍ ചഹാല്‍ പറഞ്ഞു. പ്രധാനമായും മൂന്ന് ഘടങ്ങളാണ് ഇവിടെയുണ്ടാകുന്നത്.
അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായുള്ള അവതരണ സംവിധാനം, ജീവനക്കാരും ഉപഭോക്താക്കളും ചേര്‍ന്ന് വര്‍ക്ക്ഷോപ്പും കൂടിയാലോചനകളും നടത്താനുള്ള സംവിധാനം, വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള സംവിധാനം തുടങ്ങിയവയാണ് ഇവിടെയുണ്ടാവുന്നത്.
ഇതോടെ അന്താരാഷ്ട്ര ഐടി ഉപഭോക്താക്കളുടെ ദൃഷ്ടിയില്‍ കൊച്ചി പ്രധാന ഇടമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനമാണ് കൊച്ചിയിലേതെന്ന് വിശാല്‍ ചഹേല്‍ പറഞ്ഞു. വാട്സണ്‍ എക്സ് പ്ലാറ്റ്ഫോമിന്‍റെ പൂര്‍ണ ഡെവലപ്മന്‍റ് പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലായിരിക്കും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ജെന്‍എഐ ലാബില്‍ ഉത്പന്ന മാതൃക, പരീക്ഷണങ്ങള്‍ എന്നിവ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎമ്മിന്‍റെ ജെന്‍എഐ സെന്‍റര്‍ മന്ത്രി രാജീവ് പൂര്‍ണമായും നടന്ന് കണ്ടു. പൂര്‍ണമായും കൊച്ചിയില്‍ വികസിപ്പിച്ചെടുത്ത മൂന്ന് ഐബിഎം ഉത്പന്നങ്ങളുടെ മാതൃകകള്‍ ഐബിഎം പ്രതിനിധികള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
വാട്സണ്‍ എക്സിലൂടെ വികസിപ്പിച്ച ഓര്‍ക്കസ്ട്രേറ്റ്, ഇന്‍സ്ട്രക്ട് ലാബ് ടെക്നോളജി വിത്ത് ഐബിഎം ആന്‍ഡ് റെഡ്ഹാറ്റ്, ഐബിഎം കോണ്‍സെര്‍ട്ട് എന്നിങ്ങനെ മൂന്ന് ഉത്പന്നങ്ങളുടെ മാതൃകകളാണ് അവതരിപ്പിച്ചത്.
തികച്ചും പ്രാദേശികമായ കരകൗശല വസ്തുക്കളാണ് ഓഫീസിന്‍റെ ഉള്‍വശത്തെ രൂപകല്‍പ്പനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. പെരുമാട്ടി, നിലമ്പൂര്‍, ഏരൂര്‍ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള പ്രാദേശിക കലാകാരډാരാണ് രൂപകല്‍പ്പനയ്ക്കുള്ള കലാസൃഷ്ടികള്‍ നല്‍കിയത്.
ഉദ്ഘാടന ചടങ്ങില്‍ ഈ കലാകാരډാരെ പ്രത്യേകം ആദരിച്ചു.