ഇന്ത്യയിലിനി ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം; രാജ്യത്ത് നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളുടെ ആധിപത്യം
November 12, 2024 0 By BizNewsമുംബൈ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും സഹകരിച്ചുള്ള ‘വിസ്താര’ എയർ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സർവീസ് വിമാനക്കമ്പനിമാത്രം.
തിങ്കളാഴ്ച വിസ്താര ബ്രാൻഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയർ ഇന്ത്യ എന്ന ബ്രാൻഡിലാണ് വിസ്താര വിമാനങ്ങളുടെ സേവനം. വിസ്താരയില്‍ സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു പങ്കാളിത്തം.
ലയനശേഷമുള്ള എയർ ഇന്ത്യയില്‍ സിങ്കപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരികളാണുള്ളത്.
പല തലത്തിലുള്ള റൂട്ടുകളില്‍ പല തരത്തിലുള്ള വിമാനങ്ങളുപയോഗിച്ച് സേവനം നല്‍കുന്നവയാണ് ഫുള്‍ സർവീസ് വിമാനക്കമ്പനികള്‍. സേവന ശൃംഖലയിലെ മൊത്തത്തിലുള്ള ലാഭമാണ് അവ പരിഗണിക്കുന്നത്.
ഭക്ഷണമുള്‍പ്പെടെ അധിക സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ലോ കോസ്റ്റ് വിമാനക്കമ്പനികള്‍ ഓരോ റൂട്ടിലും ലാഭം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവയാണ്. ചെലവു കുറയ്ക്കാൻ ഒരേ തരത്തിലുള്ള വിമാനങ്ങളാണ് ഉപയോഗിക്കുക. ഭക്ഷണം ആവശ്യമാണെങ്കില്‍ പ്രത്യേകം പണം നല്‍കണം.
നിലവില്‍ ഇന്ത്യയില്‍ നിരക്കുകള്‍ കുറഞ്ഞ ലോ കോസ്റ്റ് വിമാനക്കമ്പനികള്‍ക്കാണ് ആധിപത്യം. 61 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയാണ് മുന്നില്‍.
17 വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയതോ ലയിപ്പിക്കുന്നതോ ആയ അഞ്ചാമത്തെ ഫുള്‍ സർവീസ് വിമാനക്കമ്പനിയാണ് വിസ്താര. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2012-ലാണ് 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് വ്യോമയാനരംഗത്ത് ഉദാരീകരണം കൊണ്ടുവന്നത്.
2015-ല്‍ ഫുള്‍ സർവീസ് കമ്പനിയായി വിസ്താരയെത്തി. കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങിയ ഏക ഫുള്‍ സർവീസ് വിമാനക്കമ്ബനിയും ഇതുതന്നെ.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസും കിങ് ഫിഷറും ഫുള്‍ സർവീസ് വിമാനക്കമ്പനികളായിരുന്നു.
2019 ഏപ്രിലില്‍ പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസില്‍ ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാദിന് 24 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.