ജിയോ ഹോട്സ്റ്റാറിന് പുതിയ വെബ്സൈറ്റുമായി റിലയൻസ്

ജിയോ ഹോട്സ്റ്റാറിന് പുതിയ വെബ്സൈറ്റുമായി റിലയൻസ്

November 14, 2024 0 By BizNews
Reliance with new website for Jio Hotstar

കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ജിയോ ഹോട് സ്റ്റാർ ഡൊമെയ്ൻ സ്വന്തമാക്കിയ ടെക്കിയെ അടക്കം ബിസിനസ് ലോകത്തെ ഞെട്ടിച്ച് റിലയൻസ്. ജിയോ ഹോട്സ്റ്റാർ.കോം ( JioHotstar.com) എന്ന വെബ്സൈറ്റാണ് വില പേശലിനായി ഡൽഹിയിലെ ടെക്കി സ്വന്തമാക്കിയിരുന്നത്.

അതേ സമയം ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് റിലയൻസ് നൽകുന്ന സൂചന. വിഷയത്തിൽ ഒരു പ്രതികരണം പോലും റിലയൻസ് നടത്തിയിരുന്നില്ല. ഇപ്പോൾ ജിയോ സ്റ്റാർ.കോം (JioStar.com) എന്ന ഡൊമെയ്നിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്താണ് കമ്പനി മറുപടി നൽകിയിരിക്കുന്നത്.

വിയകോം 18, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒന്നാകുന്ന പുതിയ ബ്രാൻഡിന്റേതെന്ന സൂചനയുള്ള വെബ്സൈറ്റാണ് ലൈവായിരിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസം മുതൽ ജിയോസ്റ്റാർ.കോം എന്ന വെബ്സൈറ്റ് ലഭ്യമാണ്.

‘Coming Soon’ എന്ന സന്ദേശം മാത്രമാണ് നിലവിൽ വെബ്സൈറ്റിലുള്ളത്. ഇതോടൊപ്പം ജിയോ സ്റ്റാർ എന്ന പേരിൽ വിക്കി പീഡിയ പേജും ലഭ്യമാക്കിയിരിക്കുന്നു.

റിലയൻസ് ഡൊമെയ്ൻ – ഒരു ഫ്ലാഷ് ബാക്ക്
ജിയോ ഹോട് സ്റ്റാർ ഡൊമെയ്ൻ, ‘Dreamer’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡൽഹിക്കാരനായ ഒരു ടെക്കിയാണ് ഒരു മുഴം മുമ്പേ സ്വന്തമാക്കിയത്. അദ്ദേഹം ഇത് വില്പനയ്ക്ക് വെച്ചതോടെയാണ് ഇക്കാര്യം വാർത്തയാകുന്നത്.

തന്റെ പഠനത്തിനായി ഒരു കോടി രൂപയാണ് ഇദ്ദേഹം റിലയൻസിനോട് ആവശ്യപ്പെട്ടിരുന്നത്. റിലയൻസ്, വയോകോം 18 എന്നീ കമ്പനികൾക്ക് ഡൊമെയ്ൻ നൽകാമെന്നും തന്റെ കേബ്രിഡ്ജിലെ പഠനത്തിന് ആവശ്യമായ തുക നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

എന്നാൽ പിന്നീട് ദുബായിലെ രണ്ട് സഹോദരങ്ങൾ ഈ ഡൊമെയൻ ഡൽഹി ടെക്കിയിൽ നിന്ന് വാങ്ങിയിരുന്നു. 13 വയസ്സുകാരനായ ജൈനം ജെയിൻ, 10 വയസ്സുകാരി ജീവിക ജെയിൻ എന്നിവരാണ് ഡെവലപ്പറിൽ നിന്ന് ഈ ഡൊമെയിൻ വാങ്ങിയത്.

ഇവർ റിലയൻസിന് തങ്ങളുടെ കൈവശമുള്ള ഡൊമെയ്ൻ സൗജന്യമായി നൽകാൻ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് റിലയൻസിന്റെ പുതിയ ഡൊമെയ്ൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അജ്ഞാതനായ ഡൽഹി ടെക്കി, ഇരട്ട സഹോദരങ്ങൾക്ക് കൈമാറിയ ജിയോ ഹോട്സ്റ്റാർ.കോം എന്ന ഡൊമെയ്നാണോ അതോ കമ്പനി പുതിയതായി ലോഞ്ച് ചെയ്ത ജിയോ സ്റ്റാർ.കോം ആണോ റിലയൻസ് പരിഗണിക്കുന്നതെന്ന് വ്യക്തമല്ല.

നാടകീയ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് തങ്ങളുടെ സ്വന്തം ഡൊമെയ്നായ ജിയോസ്റ്റാർ.കോം ഉപയോഗിക്കാനായിരിക്കും റിലയൻസ് താല്പര്യപ്പെടുക എന്നാണ് സൂചനകൾ.

തങ്ങളോട് വിലപേശൽ വേണ്ടെന്ന സൂചനയാണ് പുതിയ വെബ്സൈറ്റിലൂടെ റിലയൻസ് പരോക്ഷമായി നൽകിയിരിക്കുന്നതെന്നും വിലയിരുത്തലുണ്ട്.