എയർ ഇന്ത്യ-വിസ്താര ലയനം പൂർത്തിയായി
November 13, 2024കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന്റെ സ്വകാര്യവത്കരണാനന്തര യാത്രയിൽ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ച് എയർ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം പൂർത്തിയായി. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാന സർവിസുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എ.ഐ.എക്സ് കണക്ട് (മുമ്പ് എയർ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂർത്തിയായിരുന്നു.
ഇനി ഏകീകൃത എയർ ഇന്ത്യ ഗ്രൂപ് 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 312 റൂട്ടിലായി ആഴ്ചയിൽ 8300 ലധികം സർവിസ് നടത്തും. പുതിയ ഫുൾ സർവിസ് എയർലൈനായ എയർ ഇന്ത്യ 208 വിമാനങ്ങളുമായി 90ലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയിൽ 5600 ലധികം സർവിസ് നടത്തും. എയർലൈന് പ്രതിദിനം 1,20,000ത്തിലധികം യാത്രക്കാരുണ്ടാകും. കൂടാതെ, 75ലധികം കോഡ്ഷെയർ, ഇന്റർലൈൻ പങ്കാളികൾ വഴി ലോകത്തെമ്പാടുമായുള്ള 800 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലമായ കണക്ടിവിറ്റി ലഭ്യമാക്കാനും കഴിയും.
പൂർണ സേവന ലയനത്തിനുള്ള തയാറെടുപ്പ് രണ്ടുവർഷം മുമ്പ് ആരംഭിച്ചിരുന്നു. വിസ്താരയിൽനിന്ന് 6000 ത്തിലധികം ജീവനക്കാരെ പുതിയ സ്ഥാപന ഘടനയിലേക്ക് ചേർത്തു. 4000 ലധികം വെണ്ടർ കരാറുകൾ ഏകീകരിക്കുകയും 2,70,000 ഉപഭോക്തൃ ബുക്കിങ്ങുകൾ മൈഗ്രേറ്റ് ചെയ്യുകയും 4.5 ദശലക്ഷം ക്ലബ് വിസ്താര ഫ്രീക്വന്റ് ഫ്ലയർ അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ പുനർരൂപകൽപന ചെയ്ത ‘ഫ്രീക്വന്റ് ഫ്ലയർ’ പ്രോഗ്രാമായ മഹാരാജ ക്ലബിൽ ഉൾപ്പെടുത്തുകയും ചെയ്തെന്ന എയർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ കാംബെൽ വിൽസൺ പറഞ്ഞു.
ഏകീകൃത ഫുൾ സർവിസ് എയർലൈൻ എയർ ഇന്ത്യ എന്ന പേരിൽ ‘എ.ഐ’ എന്ന എയർലൈൻ കോഡ് ഉപയോഗിച്ച് സർവിസ് നടത്തും. വിസ്താര വിമാനങ്ങള് ‘2’ എന്ന അക്കത്തിൽ ആരംഭിക്കുന്ന നാലക്ക ഫ്ലൈറ്റ് നമ്പർ ഉപയോഗിച്ച് തിരിച്ചറിയാം. വിസ്താരയിൽ 49 ശതമാനം ഓഹരി ഉണ്ടായിരുന്ന സിംഗപ്പൂർ എയർലൈൻസിന് ലയനാനന്തരം എയർ ഇന്ത്യ ഗ്രൂപ്പിൽ 25.1 ശതമാനം ഓഹരി ഉണ്ടാകും.