പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്
November 10, 2024ദുബൈ: പശ്ചിമേഷ്യയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയിൽ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്. 12ാം സ്ഥാനമാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്. ആദ്യ 15ൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയും ലുലുവാണ്.
യു.എ.ഇ ആസ്ഥാനമായ ദി ഗിവിങ് മൊമന്റ് കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി. സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മുൻനിര പട്ടികയിലെത്തിച്ചത്.
സംതൃപ്തരായ ഉപഭോക്താക്കൾ, ഉൽപന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉൽപന്ന ലഭ്യത, വിപുലമായ പാർക്കിങ്, ഹാപ്പിനസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അതിവേഗം നടപ്പാക്കിയത് ലുലുവിന്റെ ആഗോള സ്വീകാര്യതക്ക് കാരണമായി.
പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ് പട്ടികയിൽ ഇടം നേടിയത്.
അടുത്തിടെ ലുലു ഐ.പി.ഒയിലുടെ ഓഹരി വിറ്റിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് സമാഹരിച്ചത്.