സ്വിഗ്ഗിയും സൊമാറ്റോയും മത്സരനിയമം ലംഘിച്ചെന്ന്
November 10, 2024ന്യൂഡൽഹി: ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും മത്സരനിയമത്തിന് എതിരായി ചില റസ്റ്റാറന്റുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന് കണ്ടെത്തൽ. കോംപറ്റീഷൻ കമീഷൻ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നാഷനൽ റസ്റ്റാറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയിൽ 2022 ഏപ്രിലിലാണ് കമീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. ചില റസ്റ്റാറന്റുകളിൽനിന്ന് കുറഞ്ഞ കമീഷൻ ഈടാക്കുന്നതായാണ് സൊമാറ്റോക്ക് എതിരായ പരാതി.
തങ്ങളുടെ പ്ലാറ്റ്ഫോമിൽ മാത്രം ലിസ്റ്റ് ചെയ്യുന്ന റസ്റ്റാറന്റുകൾക്ക് സ്വിഗ്ഗി കൂടുതൽ പ്രാധാന്യം നൽകുന്നു. വിപണിയിൽ ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കമ്പനികൾ കടുത്ത ചട്ടലംഘനം കാട്ടിയെന്ന് കമീഷൻ റിപ്പോർട്ടിൽ പറയുന്നു. ചെറുകിട ഇടത്തരം റസ്റ്റാറന്റുകളാണ് ഇത്തരം തെറ്റായ ബിസിനസ് രീതികളുടെയും പക്ഷപാതിത്വത്തിന്റെയും ഇര.