ട്രംപ് വന്നേ… ഇനിയെന്തും സംഭവിക്കും!

ട്രംപ് വന്നേ… ഇനിയെന്തും സംഭവിക്കും!

November 11, 2024 0 By BizNews

കാലാവസ്ഥ വ്യതിയാനമൊന്നും ട്രംപിന് പ്രശ്നമല്ല. സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൂടുതൽ പെട്രോളിയം ഖനനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു 

ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഉജ്ജ്വലമായി തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്പദ് വ്യവസ്ഥയിൽ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നത് ഏവരും ഉറ്റുനോക്കുന്നു. പ്രവചനാതീതനായ വ്യക്തിയെന്ന വിശേഷണമുള്ള ട്രംപ് എന്തൊക്കെ തീരുമാനങ്ങളാണെടുക്കുകയെന്ന് പറയാൻ കഴിയില്ല. പൊതുവിൽ അദ്ദേഹത്തിന്റെ പ്രഖ്യാപിത നയങ്ങളും നിലപാടുകളും മുൻനിർത്തി വിലയിരുത്തുമ്പോൾ ചിലതൊക്കെ കരുതിയിരിക്കണം. വിവിധ കാരണങ്ങളാൽ ഏതാനും വർഷമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ മുരടിപ്പിലായിരുന്നു. ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് പണപ്പെരുപ്പവും സാമ്പത്തിക മുരടിപ്പുമാണ്. യു.എസ് സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുകയും ജീവിതച്ചെലവ് വർധന പിടിച്ചുനിർത്തുകയുമാണ് ട്രംപിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. കോർപറേറ്റ് അനുകൂലിയായ ട്രംപിന്റെ വിജയസൂചന വന്നയുടൻ അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെയും ഓഹരിവിപണികൾ മുന്നേറിയിരുന്നു. സെന്റിമെന്റിന്റെ പുറത്ത് വിപണി മുന്നേറിയത് തൊട്ടടുത്ത ദിവസം താഴേക്ക് വന്നുവെന്നതും കാണാതിരുന്നുകൂടാ. സമഗ്ര മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് വിപണിയുടെ വിലയിരുത്തൽ എന്നാണ് മനസ്സിലാക്കേണ്ടത്. അതേസമയം, സമ്പദ് വ്യവസ്ഥ ക്ഷീണകാലം കഴിഞ്ഞ് പതിയെ തിരിച്ചുവരുന്ന ഘട്ടത്തിലാണ് ട്രംപിന്റെ തിരിച്ചുവരവ്.

പരിസ്ഥിതിക്ക് ക്ഷീണം

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് കാലാവസ്ഥ വ്യതിയാനത്തിനും ആഗോള താപനത്തിനും തടയിടാൻ ലോകം ശ്രമിക്കുമ്പോൾ ഇതിന് എതിരായ നിലപാടാണ് ട്രംപിന്. അമേരിക്ക ലിക്വിഡ് ഗോൾഡിന്റെ (പെട്രോളിയം) ഖനിയാണെന്നും കൂടുതൽ കുഴിച്ചെടുത്ത് യു.എസ് സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നുമാണ് ട്രംപ് പ്രചാരണവേളയിൽ പറഞ്ഞത്. പരിസ്ഥിതി സംരക്ഷണം, കാലവസ്ഥ വ്യതിയാനം തടയൽ തുടങ്ങിയവക്ക് കൂടുതൽ പണം ചെലവഴിക്കാൻ കോർപറേറ്റുകളെ നിർബന്ധിക്കുന്ന രീതി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ലാഭമുണ്ടാക്കലാണ് കോർപറേറ്റുകളുടെ പണിയെന്ന മുതലാളിത്ത വീക്ഷണത്തോടാണ് ട്രംപിന് ആഭിമുഖ്യം. യു.എസ് സർക്കാറിന്റെ ഭാഗത്തുനിന്നും സുസ്ഥിരതക്കായുള്ള ചെലവഴിക്കൽ കുറയും.

ഇന്ത്യയുടെ സുഹൃത്ത്

ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ട്രംപ് എന്നാണ് വിലയിരുത്തൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര ബന്ധം ശക്തിപ്പെടാൻ ട്രംപിന്റെ തിരിച്ചുവരവ് കാരണമാകും. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യൻ കമ്പനികൾക്ക് യു.എസിൽ കൂടുതൽ അവസരം ലഭിച്ചേക്കും. ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റായ കാലയളവിൽ ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തി. ചൈനയെ മുഖ്യ എതിരാളിയായി കാണുന്നതുകൊണ്ടുകൂടിയാണ് ഈ അനുഭാവം. അതേസമയം, അമേരിക്കൻ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുക എന്ന അർഥത്തിലുള്ള ‘അമേരിക്ക ഫസ്റ്റ്’ ട്രംപിന്റെ മുദ്രാവാക്യമാണ്. യു.എസ് കമ്പനികൾക്ക് കൂടുതൽ അവസരമൊരുക്കാനായി ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാണ്. ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെങ്കിലും കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കവും പൊതുവിൽ തിരിച്ചടിയാണ്.

ചൈനയുടെ മറുപണി

തദ്ദേശീയ ഉൽപന്നങ്ങൾക്ക് കരുത്ത് പകരാനും ചൈനക്ക് തിരിച്ചടി നൽകാനും ട്രംപ് പ്രധാന നടപടികൾ സ്വീകരിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചൈന മറുപണി തുടങ്ങിയിട്ടുണ്ട്. 1.4 ട്രില്യൺ (ലക്ഷം കോടി) ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജാണ് ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ട്രംപ് മുന്നോട്ടുപോകുന്നതിനനുസരിച്ച് ചൈനയും കൂടുതൽ നടപടികൾ സ്വീകരിക്കും. ചൈനയിൽ മികച്ച അവസരം വരുമ്പോൾ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്ന് പണം പിൻവലിച്ച് അങ്ങോട്ട് പോകുന്നത് ഇന്ത്യൻ ഓഹരി വിപണിയെ തളർത്തും. രണ്ട് മാസത്തോളമായി ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച നേരിടുന്നതിന്റെ പ്രധാന കാരണം വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപനയാണ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കൽ, ചൈനയുടെ പാക്കേജ് പ്രഖ്യാപനം എന്നീ പ്രധാന സംഭവങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അടുത്തയാഴ്ചയോടെ ഇന്ത്യൻ ഓഹരി വിപണികളിലേക്ക് തിരിച്ചുവരുമോ എന്നാണ് ഉറ്റുനോക്കുന്നത്.

ഉടക്കിന് തയാറായി ജെറോം പവൽ

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലുമായി ഡോണൾഡ് ട്രംപ് അത്ര സുഖത്തിലല്ലെന്നത് പരസ്യമാണ്. നവംബറിലെ പണനയം വിശദീകരിക്കാൻ പവൽ വിളിച്ച വാർത്തസമ്മേളനത്തിലും ഇത് ചർച്ചയായി. ട്രംപ് താങ്കളെ നീക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് അതിന് അധികാരമില്ലെന്നും ട്രംപ് പറഞ്ഞാലും താൻ രാജിവെക്കില്ലെന്നുമാണ് ജെറോം പവൽ മറുപടി നൽകിയത്.

2026 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. 2017ൽ ട്രംപ് പ്രസിഡന്റ് ആയിരിക്കെയാണ് പവലിന്റെ നിയമനം. എന്നാൽ, പലിശനിരക്ക് കുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇരുവരും ഉടക്കുകയായിരുന്നു. കേന്ദ്രബാങ്ക് മേധാവിയും രാജ്യത്തിന്റെ പ്രസിഡന്റും വിപരീത ദിശയിൽ നീങ്ങിയാൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് കണ്ടറിയണം.

ക്രിപ്റ്റോയും സ്വർണവും

തെരഞ്ഞെടുപ്പില്‍ ട്രംപ് മുന്‍തൂക്കം നേടുന്നുവെന്ന വാര്‍ത്ത ക്രിപ്റ്റോ കറൻസികളുടെ കുതിപ്പിന് കാരണമായി. ചരിത്രത്തിലാദ്യമായി ബിറ്റ്‌കോയിന്‍ 75,000 ഡോളറിന് മുകളിലെത്തി. ഈ വര്‍ഷം മാര്‍ച്ച് 14ലെ 73,797.68 ഡോളറാണ് ബിറ്റ്‌കോയിന്‍ മറികടന്നത്. നേരത്തേ ക്രിപ്‌റ്റോ കറന്‍സികളെ അഴിമതിയെന്ന് വിശേഷിപ്പിച്ച ട്രംപ് പിന്നീട് നിലപാട് മാറ്റി. ക്രിപ്‌റ്റോ ഡോളറിന്റെ പ്രാധാന്യം കുറക്കുമെന്നും നിയന്ത്രണം അനിവാര്യമാണെന്നുമായിരുന്നു 2021ൽ ട്രംപ് പറഞ്ഞത്. ഇപ്പോൾ അദ്ദേഹം ക്രിപ്റ്റോ അനുകൂല നിലപാടിലാണ്.

അടുത്തിടെ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി രംഗത്തേക്ക് ട്രംപ് കുടുംബവും കടന്നുവന്നു. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരാണ് ഈ ബിസിനസിന് മേല്‍നോട്ടം വഹിക്കുന്നത്. ട്രംപ് വന്നതിനാൽ ഇനിയും കുതിക്കുമെന്ന പ്രതീക്ഷയിൽ ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ഒഴിഞ്ഞുനിൽക്കുന്നതുതന്നെയാണ് ബുദ്ധി. കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും ക്രിപ്‌റ്റോ കറന്‍സി അംഗീകരിക്കുന്നില്ല. ട്രംപ് വിജയിച്ച വാർത്ത വന്ന ദിവസം സ്വർണവില മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഇത് ശാശ്വതമാണെന്ന് പറഞ്ഞുകൂടാ. സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.