ഓഹരി വിപണികളിൽ വൻ നഷ്ടം; ഒലിച്ച് പോയത് കോടികൾ, തകർച്ചക്കുള്ള കാരണങ്ങൾ ഇതാണ്
November 4, 2024മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ടം.ബോംബെ സൂചിക സെൻസെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെൻസെക്സിൽ 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി. 78,232.6 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങൾ ഇവയാണ്….
യു.എസ് തെരഞ്ഞെടുപ്പ്
യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകർച്ചക്കുള്ള പ്രധാന കാരണം. യു.എസ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ്, ഡോണാൾഡ് ട്രംപ് ഇവരിലാര് തെരഞ്ഞെടുക്കപ്പെടുമെന്ന ചോദ്യം വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ട്രംപിന്റെ ഭരണകാലത്ത് സെൻസെക്സിൽ 82.3 ശതമാനം നേട്ടമുണ്ടായപ്പോൾ നിഫ്റ്റിയിൽ 73.6 ശതമാനം നേട്ടമാണ് ഉണ്ടായത്. എന്നാൽ, ബൈഡന്റെ ഭരണകാലത്ത് യഥാക്രമം 59 ശതമാനവും 64.5 ശതമാനവും നേട്ടമുണ്ടായി. ഇതിനൊപ്പം വായ്പ പലിശനിരക്കുകൾ നിശ്ചയിക്കാൻ നവംബർ ആറ്, ഏഴ് തീയതികളിൽ ഫെഡറൽ റിസർവിന്റെ യോഗം നടക്കുന്നുണ്ട്. ഇതും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.
രണ്ടാംപാദ ലാഭഫലങ്ങൾ
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്‍വാളിന്റെ കണക്ക് പ്രകാരം നിഫ്റ്റിയിൽ ലിസ്റ്റ് ചെയ്ത പല കമ്പനികൾക്കും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ രണ്ടാം പാദത്തിൽ സാധിച്ചിട്ടില്ല. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എൻ.ടി.പി.സി, എച്ച്.ഡി.എഫ്.സി എന്നിവക്കൊന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
വിദേശനിക്ഷേകരുടെ വിൽപന
വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ വൻതോതിൽ ഓഹരി വിൽപന നടത്തുന്നത് ഇന്ത്യൻ വിപണിയുടെ തകർച്ചക്കുള്ള മറ്റൊരു കാരണമാണ്. ഒക്ടോബറിൽ വിദേശ നിക്ഷേപകർ 94,017 കോടിയുടെ ഓഹരികളാണ് വിറ്റത്. നവംബർ ഒന്നാം തീയതി മാത്രം 211.93 കോടിയുടെ ഓഹരികൾ വിറ്റു.