ക്ലിനിക്കൽ ഗവേഷണ രംഗത്ത് നിർണായകമായ പുതിയ ഉത്പന്ന ശ്രേണിയുമായി സൈജീൻ ബയോടെക്നോളജീസ്
October 25, 2024 0 By BizNewsകൊച്ചി: കാൻസർ ഡയഗ്നോസിസിലും സാംക്രമിക രോഗങ്ങളുടെ നിർണയത്തിലും എറെ പ്രധാനമായ ഡിഎൻഎ എക്സ്ട്രാക്ഷനുള്ള നവീന ഉത്പന്ന ശ്രേണി പുറത്തിറക്കി കേരളത്തിൽ നിന്നുള്ള മുൻനിര ബയോടെക് സ്റ്റാർട്ടപ്പായ സൈജീൻ ബയോടെക്നോളജീസ് പ്രെെവറ്റ് ലിമിറ്റഡ്. മലബാർ കാൻസർ സെന്റർ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ നെസ്റ്റുമായി (MIINT) ചേർന്നാണ് ബീഡ് അടിസ്ഥാനമാക്കിയ ഡിഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളുടെ പുതിയ ശ്രേണി കമ്പനി പുറത്തിറക്കിയത്. എഫ്എഫ്പിഇ കോശങ്ങൾ, രക്തം, സ്വാബ്, നാവിലെ സ്രവങ്ങൾ എന്നിവയിൽ നിന്ന് ഡിഎൻഎ ഫലപ്രദമായി എക്സ്ട്രാക്ട് ചെയ്തെടുക്കുന്നതിനുള്ള ഈ കിറ്റുകൾ, ക്ലിനിക്കൽ ലബോറട്ടറികളിലെ മോളിക്യൂലർ ഡയഗ്നോസിസിനും ഗവേഷണത്തിനും ഉപകാര പ്രദമാണ്.
നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ, കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഖോബ്രഗഡെ IAS, മലബാർ കാൻസർ സെന്റർ, തലശ്ശേരി ഡയറക്ടർ ഡോ. സതീശൻ ബി., സൈജീൻ ബയോടെക്നോളജീസ് സിഇഒ ഡോ: കെ. എസ്. റിഷാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഉത്പന്ന നിര അവതരിപ്പിച്ചത്.
ഡിഎൻഎ എക്സ്ട്രാക്ഷൻ പ്രക്രിയയെ കാര്യക്ഷമമാക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു ഉപകരണമെന്ന നിലയിൽ ഡിഎൻഎ സെപ്പറേറ്റർ സ്റ്റാൻഡും ചടങ്ങിൽ അവതരിപ്പിച്ചു. ബിസിനസ് ടു ബിസിനസ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഈ ഉത്പന്നം. പുതിയ ഡിഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളും മാഗ്നറ്റിക് ബീഡുകളും ക്ലിനിക്കൽ ഡയഗ്നോസ്റ്റിക്സ് – ഗവേഷണ മേഖലകളിലെ ഡിഎൻഎ എക്സ്ട്രാക്ഷൻ കാര്യക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തുന്നതിൽ സഹായിക്കും.