ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില; ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ്
September 27, 2024 0 By BizNewsഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില. 24 മണിക്കൂറിനിടെ ആഗോള ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം 75 ഡോളറോളം ഉയർന്ന ബ്രെന്റ് ക്രൂഡ് നിലവിൽ 71.29 ഡോളറിലാണ്.
യുഎസ് ഗ്രേഡ് വീണ്ടും 70 ഡോളറിൽ താഴെയെത്തി. നിലവിൽ 67.34 ഡോളറിലാണ് വ്യാപാരം. നിലവിലെ എണ്ണവില ഇടിവിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്. എന്നാൽ ഇതിൽ പലതും രസകരമാണ്. ഇവ എത്രനാൾ നിലനിൽക്കുമെന്നതാണ് ചോദ്യം.
എണ്ണ കൂട്ടായ്മയായ ഒപെക്ക് പ്ലസിന് എണ്ണവിലയുടെ കാര്യത്തിൽ അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലെന്നാണ് പുതിയ അവകാശവാദം. ലക്ഷ്യവിലയുമായി ബന്ധപ്പെട്ട എല്ലാ വാദങ്ങളും കൂട്ടായ്മ നിഷേധിച്ചിരിക്കുകയാണ്.
സൗദി അടക്കമുള്ള രാജ്യങ്ങൾ ലക്ഷ്യമിടുന്നത് എണ്ണവില 100 ഡോളറിൽ എത്തിക്കാനാണെന്ന് മുമ്പ് പല റിപ്പോർട്ടുകളും സമർഥിച്ചിരുന്നു. മാസങ്ങളായി തുടരുന്നു ഉൽപ്പാദന നിയന്ത്രണം ഇതിനുള്ളതാണെന്നായിരുന്നു വാദം. എന്നാൽ വിപണിയിലെ ബാലൻസ് മാത്രമാണ് തങ്ങളുടെ പരിഗണന എന്നാണ് ഒപെക്കിന്റെ വെളിപ്പെടുത്തൽ.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അധികം വൈകാതെ ഒപെക്ക് തങ്ങളുടെ ഉൽപ്പാദന നിയന്ത്രണം നീക്കുന്ന നടപടി തുടങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷം തന്നെ ഘട്ടംഘട്ടമായുള്ള തന്ത്രപരമായ സമീപനം എണ്ണ കൂട്ടയ്മ പ്രഖ്യാപിച്ചേക്കും.
ഇതിനിടെ വിഷയത്തിൽ കടുംപിടിത്തം പിടിച്ചിരുന്ന സൗദിയും അയഞ്ഞുവെന്നാണ് വിവരം. സൗദിയും ഉൽപ്പാദനം വർധിപ്പിച്ചേക്കുമെന്ന തരത്തിലാണ് പുതിയ വാർത്തകൾ പരക്കുന്നത്. ഇതോടെ ആഗോള എണ്ണവില ഇടിച്ചിൽ തുടങ്ങി.
ഇനിയും ഉൽപ്പാദന നിയന്ത്രണം തുടരുന്നതിൽ അർത്ഥമില്ലെന്ന് ഗ്രൂപ്പിനുള്ളിൽ തന്നെ എതിർ സ്വരങ്ങൾ ഉയരുന്നുവെന്നാണ് വിവരം. മാസങ്ങളായി തുടരുന്ന നിയന്ത്രണം ഗ്രൂപ്പിനുള്ളിലെ ചെറു രാജ്യങ്ങളെ കൂടുതൽ സമ്മർദത്തിലാക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉൽപ്പാദന നിയന്ത്രണം ശക്തമായി തുടർന്നിട്ടും വില കൂപ്പുകുത്തുന്നു. യുഎസ് പോലുള്ള മറ്റു ഉൽപ്പാദകരുടെ ഉയർന്ന ഉൽപ്പാദനം ഒപെക്ക് രാജ്യങ്ങളുടെ വിപണിയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതാന് ഒപെക്കിന് മാറ്റി ചിന്തിപ്പിക്കുന്നത്.
അതേസമയം ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളൊന്നും ഒപെക് പ്ലസ് ചർച്ച ചെയ്യുന്നില്ലെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വ്യക്തമാക്കുന്നു. നേരത്തേ ഈ വർഷം ഒക്ടോബർ മുതൽ ഉൽപ്പാദന നിയന്ത്രണത്തിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് അവസാനത്തിലും, സെപ്തംബർ തുടക്കത്തിലും നേരിട്ട എണ്ണ വിലയിടിവ് കാരണം ഇത് വൈകി. 2024 ഡിസംബർ വരെ രണ്ട് മാസത്തേയ്ക്ക് കൂട്ടായ്മ ഈ നടപടികൾ വൈകിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബറിലെ കാർട്ടലിന്റെ പ്രതിമാസ റിപ്പോർട്ടും ഡിമാൻഡ് തളർച്ച സൂചിപ്പിക്കുന്നു. ഇത് എണ്ണ വിലയിൽ കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ബാരലിന് 100 ഡോളറിന്റെ വില ലക്ഷ്യം മുൻനിർത്തി, വിപണി വിഹിതം വീണ്ടെടുക്കുന്നതിന് സൗദി അറേബ്യ കുറഞ്ഞ എണ്ണവില സ്വീകരിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു.
സൗദി ഇതിനു മുതിരുമോ എന്നതാണ് പ്രധാന ചോദ്യം. ഈ സാഹചര്യത്തിൽ വരുന്ന ഒപെക്ക് പ്ലസ് യോഗം ഏറെ നിർണായകമാണ്.