വിദേശ നാണ്യശേഖരം സർവകാല റെക്കോർഡിട്ട് 70,000 കോടി ഡോളറിലേക്ക് കുതിക്കുന്നു
September 21, 2024 0 By BizNewsമുംബൈ: ഇന്ത്യയുടെ(India) വിദേശ നാണ്യശേഖരം(Forex Reserve) സെപ്റ്റംബർ 13ന് അവസാനിച്ച ആഴ്ചയിൽ സർവകാല റെക്കോർഡായ 68,945.8 കോടി ഡോളറിൽ എത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 22.3 കോടി ഡോളറാണ് വർധിച്ചതെന്ന് റിസർവ് ബാങ്ക്(Reserve Bank) വ്യക്തമാക്കി.
വിദേശ നാണ്യ ആസ്തി (എഫ്സിഎ) 51.5 കോടി ഡോളർ ഉയർന്ന് 60,362.9 കോടി ഡോളർ ആയത് റെക്കോർഡ് നേട്ടത്തിന് വഴിയൊരുക്കി.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിദേശ നാണ്യശേഖരത്തെ ബാധിക്കും. കരുതൽ സ്വർണശേഖരവും 89.9 കോടി ഡോളർ വർധിച്ച് 6,288.7 കോടി ഡോളർ എന്ന പുതിയ ഉയരം കുറിച്ചു.
വിദേശ നാണ്യശേഖരത്തിലെ മറ്റ് രണ്ട് ഘടകങ്ങളായ സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്/എസ്ഡിആർ), രാജ്യാന്തര നാണ്യനിധിയിലെ (ഐഎംഎഫ്) റിസർവ് പൊസിഷൻ എന്നിവ കുറഞ്ഞു. എസ്ഡിആർ 5.30 കോടി ഡോളർ താഴ്ന്ന് 1,841.9 കോടി ഡോളറായി. റിസർവ് പൊസിഷൻ 10.8 കോടി ഡോളർ കുറഞ്ഞ് 452.3 കോടി ഡോളറിലെത്തി.