വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്ക്

വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്ക്

September 17, 2018 0 By

കാഴ്ചയുടെ സൗന്ദര്യം കടലും കരയും സമ്മാനിക്കുന്ന തീരമാണ് കന്യാകുമാരി. എത്ര തവണ പോയാലും കന്യാകുമാരി വിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ കഴിയാത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. പരസ്പരം സ്‌നേഹിക്കുന്ന കടലുകള്‍, അപാരതമായ സൗന്ദര്യതീരം, പരസ്പരം പുണരുന്ന കടലുകള്‍… അതാണ് ഓരോ യാത്രികനേയും പിന്നെയും പിന്നെയും അടുപ്പിക്കുന്നത് ഈ കാഴ്ചകളാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ മൂന്ന് അലയാഴികളുടെ തലോടലും കന്യാകുമാരിദേവിയുടെ സാന്നിദ്ധ്യത്താലും അനുഗ്രഹീതമായ പ്രദേശം. വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്കുള്ളത്, പഴമയും ഐതിഹ്യവും നിറഞ്ഞു നില്‍ക്കുന്ന ചരിത്രം തേടിയുള്ള യാത്ര കൂടിയാണത്. ഒപ്പം ഒരു തീര്‍ത്ഥാടനവും.

കന്യാകുമാരിയില്‍ ഉദയം കാണാന്‍ അല്പനേരം. അതുകഴിഞ്ഞ് പരിസര പ്രദേശങ്ങളിലെ കാഴ്ചകള്‍ക്കായി ബാക്കിനേരം. വൈകുന്നേരം, അസ്തമയത്തിന് വീണ്ടും കന്യാകുമാരിയിലേക്ക്. ഇതാണ് പൊതുവേ എല്ലാരും പിന്തുടരുന്ന രീതി. തിരക്കുകളില്‍ നിന്നും മാറി ഒരു ദിവസം കന്യാകുമാരി ഒരുക്കുന്ന കാഴ്ചകള്‍ക്കായി മാറ്റി വയ്ക്കാം.
സ്വാമി വിവേകാനന്ദന്‍ തപസ്സിരുന്ന പാറയിലാണ് വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ദേവീ കന്യാകുമാരി ഏകപാദസ്ഥിതതയായി തപസ്സനുഷ്ഠിച്ചെന്ന് കരുതുന്ന ശ്രീപാദ പാറയും ഇവിടെയുണ്ട്. കന്യാകുമാരിയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രമാണ് വട്ടക്കോട്ട. ചതുരത്തിലുള്ള കോട്ടമതിലിന്റെ മൂലകളില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍, ദീര്‍ഘവൃത്തകൃതിയില്‍ നിരീക്ഷണഗോപുരങ്ങളുണ്ട്. അതുകൊണ്ടാവാം ‘വട്ടക്കോട്ട’ എന്ന പേര് ലഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്.

കടലിന്റെ വശത്തുള്ള ഈ ഗോപുരങ്ങളിലൊന്നില്‍ നിന്നാല്‍ കന്യാകുമാരി വരെ തീരം ദൃശ്യമാണ്. കോട്ടക്കുള്ളില്‍, മധ്യത്തില്‍, ദീര്‍ഘചതുരാകൃതിയില്‍ ഒരു കുളമുണ്ട്. ബാക്കി ഭാഗം പുല്‍ത്തകിടിയാണ്. തീര്‍ന്നിട്ടില്ല കന്യാകുമാരിയുടെ കൗതുകങ്ങള്‍. വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങള്‍, ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍, പ്രസിദ്ധങ്ങളായ ആരാധനാലയങ്ങള്‍.. അങ്ങനെ കന്യാകുമാരിയുടെ പ്രത്യേകതകള്‍ നീളുകയാണ്. കടലില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയിലെ വിവേകാനന്ദ സ്മാരകമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കടല്‍ നീന്തിയെത്തിയ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. ഇതിനോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തമിഴ് കവി തിരുവള്ളുവരുടെ കടലില്‍ പണിതുയര്‍ത്തിയ കൂറ്റന്‍ പ്രതിമയും സഞ്ചാരികള്‍ക്ക് അത്ഭുതക്കാഴ്ചയാകും. കന്യാകുമാരിയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സര്‍വീസുണ്ട്.