ഒടുവിൽ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട സംരംഭങ്ങളിൽ തലമുറ മാറ്റം

ഒടുവിൽ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട സംരംഭങ്ങളിൽ തലമുറ മാറ്റം

May 23, 2024 0 By BizNews

ടുവിൽ ടാറ്റ സാമ്രാജ്യത്തിലും തലമുറ മാറ്റം. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന് ശതകോടീശ്വരൻമാരിൽ ഒരാളാണ് രത്തൻ ടാറ്റ. കഠിനാധ്വാനം, വിവേകം, ഉദാരമായ സംഭാവനകൾ എന്നിവയ്ക്കു പേരുകേട്ട വ്യക്തിത്വമാണ് ടാറ്റ.

രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനാണ് നിലവിൽ അദ്ദേഹം.

രത്തൻ ടാറ്റയ്‌ക്കൊപ്പം സഹോദരന്മാരായ ജിമ്മി ടാറ്റയും, നോയൽ ടാറ്റയും ടാറ്റ ട്രസ്റ്റുകൾക്ക് കീഴിലുള്ള നിരവധി സ്ഥാപനങ്ങളുടെ ബോർഡുകളിൽ ഇതിനകം ഉണ്ട്. നിലവിൽ ഇവിടെ യുവതലമുറയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ടാറ്റ.

ടാറ്റ ട്രസ്റ്റുകൾക്ക് കീഴിലുള്ള പ്രാഥമിക സ്ഥാപനങ്ങളായ സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവരുടെ ട്രസ്റ്റിമാരായാണ് ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവർ എത്തുന്നത്. മൂവരുടെയും നിയമനത്തിന് രത്തൻ ടാറ്റ അംഗീകാരം നൽകി കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം ടാറ്റ കുടുംബത്തിലെ യുവതലമുറ ഇനി മുതൽ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോർഡിൽ ഉണ്ടാകും. ലിയയും, മായയും, നെവില്ലയും രത്തൻ ടാറ്റയുടെ സ്‌റ്റെപ്പ് ബ്രദറായ നോയൽ ടാറ്റയുടെ മക്കളാണ്.

ലിയ, മായ, നെവിൽ എന്നിവർ ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോർഡ് സ്ഥാനങ്ങളിൽ ചേരാനും സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ മൂവരും വിവിധ ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളിൽ മാനേജർ പദവികൾ വഹിച്ചു വരികയാണ്.

പരിചയസമ്പന്നരായ വെറ്ററൻസ് ആണ് ഇതുവരെ സാധാരണയായി ടാറ്റ ട്രസ്റ്റുകൾക്ക് കീഴിൽ ട്രസ്റ്റിഷിപ്പുകൾ നടത്തിയിരുന്നത്. നിലവിലെ പുതിയ നിയമനങ്ങൾ നൂറ്റാണ്ട് പഴക്കമുള്ള ട്രസ്റ്റിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ടാറ്റ കുടുംബത്തിലെ ആറ് അംഗങ്ങൾ ട്രസ്റ്റുമായി സജീവമായി ഇടപെടുന്നതും ഇതാദ്യമാണ്.

നോയൽ ടാറ്റ എന്ന് പേര്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്, ജെഎൻ ടാറ്റ എൻഡോവ്മെന്റ്, ബായ് ഹീരാബായ് ജെഎൻ ടാറ്റ നവസാരി ചാരിറ്റബിൾ എന്നിവയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.

അതേസമയം രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ, സർ രത്തൻ ടാറ്റ ട്രസ്റ്റ്, ബായ് ഹീരാബായ് ജെ എൻ ടാറ്റ നവസാരി ചാരിറ്റബിൾ സ്ഥാപനം, സാർവ്വജനിക് സേവാ ട്രസ്റ്റ് എന്നിവയുടെ ബോർഡ് അംഗമാണ്.

ഇന്ന് ടാറ്റ ഗ്രൂപ്പ് 10 മേഖലകളിലായി 30 കമ്പനികളെ ഉൾക്കൊള്ളുന്നു. 2024 ലെ കണക്കനുസരിച്ച് ഈ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഏകദേശം 382 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 31.6 ലക്ഷം കോടി രൂപ). ടാറ്റയുടെ യുവ തലമുറയുടെ വിദ്യാഭ്യാസ യോഗ്യത അറിയാം.

ലിയ ടാറ്റ (Leah Tata)
രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയുടെയും, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരി ആലു മിസ്ത്രിയുടെയും മൂത്ത മകൾ.

ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് സ്ഥാപകനും, മുൻ ചെയർമാനുമായ പല്ലോൻജി മിസ്ത്രിയുടെ മകളാണ് ആലു മിസ്ത്രി. സ്പെയിനിലെ മാഡ്രിഡിലുള്ള ഐഇ ബിസിനസ് സ്‌കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ലിയ ബിരുദം നേടിയിട്ടുണ്ട്.

താജ് ഹോട്ടൽസ് റിസോർട്ട്‌സ് & പാലസുകളിൽ അസിസ്റ്റന്റ് സെയിൽസ് മാനേജരായി കരിയർ ആരംഭിച്ചു. നിലവിൽ മുംബൈയിലെ ഐക്കണിക് താജ്മഹൽ പാലസ് ഹോട്ടൽ നിയന്ത്രിക്കുന്ന ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൽ (ഐഎച്ച്‌സിഎൽ) മാനേജരാണ്.

മായ ടാറ്റ (Maya Tata)
നോയൽ ടാറ്റയുടെയും, ആലു മിസ്ത്രിയുടെയും മകൾ. ഇംഗ്ലണ്ടിലെ കവെൻട്രിയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും, ലണ്ടനിലെ ബയേസ് ബിസിനസ് സ്‌കൂളിൽ നിന്നും ബിരുദം നേടി.

ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ ഒരു പോർട്ട്ഫോളിയോ മാനേജരായും, ഇൻവെസ്റ്റർ റിലേഷൻസ് പ്രതിനിധിയായും കരിയർ ആരംഭിച്ചു. ടാറ്റ ന്യൂ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് മേൽനോട്ടം വഹിച്ചതും മായയാണ്.

നെവിൽ ടാറ്റ (Neville Tata)
നോയൽ ടാറ്റയുടെയും, ആലു മിസ്ത്രിയുടെയും ഇളയ മകൻ. ബയേസ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദം നേടി.

വെസ്റ്റ്‌സൈഡ്, സുഡിയോ, ഉത്സ തുടങ്ങിയ ബ്രാൻഡുകളും സാറ, സ്റ്റാർ ബസാർ തുടങ്ങിയ സംയുക്ത സംരംഭങ്ങളും നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ ട്രെന്റ് കൈകാര്യം ചെയ്യുന്നതിൽ നിലവിൽ പിതാവിനെ സഹായിക്കുന്നു.