റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കലിന് അനുവദിച്ച സമയം അവസാനിക്കുന്നു

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കലിന് അനുവദിച്ച സമയം അവസാനിക്കുന്നു

May 23, 2024 0 By BizNews

മുംബൈ: കടക്കെണിയിൽ നട്ടംതിരിഞ്ഞ അനിൽ അംബാനിയെ സംബന്ധിച്ച് പ്രതീക്ഷയുടെ തിരിനാളമായിരുന്നു റിലയൻസ് ക്യാപിറ്റലിന്റെ ഒഴിവാക്കാൽ. ഹിന്ദുജ ഗ്രൂപ്പിന്റെ IndusInd International Holdings Limited (IIHL) ആണ് മാസങ്ങൾക്കു മുമ്പ് 9,650 കോടി രൂപയ്ക്ക് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കാനുള്ള ബിസിനസ് യുദ്ധത്തിൽ വിജയിച്ചത്.

ഇതേ സമയം മറ്റു ചില ഗ്രൂപ്പ് കമ്പനികളുടെ കടങ്ങൾ ഒഴിവാക്കാനും അനിൽ അംബാനിക്കു സാധിച്ചിരുന്നു. ഇതേത്തുടർന്ന് അനിൽ അംബാനി ഓഹരികൾ വിപണികളിൽ കുതിക്കുകയും ചെയ്തു.

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കലിന് ഇതോടകം ഹിന്ദുജ ഗ്രൂപ്പിന് സെബി, സിസിഐ, ഐആർഡിഎഐ, ആർബിഐ എന്നിവയിൽ നിന്ന് ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും കൈയ്യിൽ എത്താത്തത് പണമാണ്.

9,650 കോടി രൂപയ്ക്ക് ബിഡ് ജയിച്ച ഹിന്ദുജ ഗ്രൂപ്പ് മാസങ്ങളായി 7,500 രൂപ കടമെടുക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ ഇതുവരെ ലക്ഷ്യം കാണാൻ സാധിച്ചിട്ടില്ല. ഇടപാട് അവസാനിപ്പിക്കാൻ പാപ്പരത്വ കോടതി നിശ്ചയിച്ചിരിക്കുന്ന അവസാന തീയതി മെയ് 27 ആണ്.

മെയ് 27 ന് ഇനി 5 ദിവസം മാത്രം ശേഷിക്കേ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയാകുമോ എന്ന ആശങ്കയിലാണ് അംബാനിയും, നിക്ഷേപകരും. റിലയൻസ് ക്യാപിറ്റൽ അംബാനിക്ക് ഒരു ഒഴിയാ ബാധയാകുമോ എന്നാണ് ഇനി അ‌റിയേണ്ടത്.

ഡീൽ ഇനിയും വൈകിയാൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കാം. പലിശ നിരക്കാണ് നിലവിൽ ഹിന്ദുജയ്ക്ക് മുന്നിലെ തടസമെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പയാണ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. എന്നാൽ ഫണ്ട് ഹൗസുകൾ ഉയർന്ന പലിശ ആവശ്യപ്പെടുന്നുവെന്നാണ് വിവരം.

ബാർക്ലേയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഉൾപ്പെടെയുള്ള വായ്പക്കാർ 2,000 കോടി രൂപ വീതം വായ്പയ്ക്ക് 15.5% കൂപ്പൺ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂപ്പൺ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ നടത്താനും, വാരാന്ത്യത്തോടെ കരാർ അവസാനിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് നിലവിൽ ഹിന്ദുജ. സമയപരിധി അടുത്തുവരവേ ഇരുകൂട്ടരും വിട്ടുവീഴ്ചകൾ തയ്യാറായേക്കും. അല്ലാത്തപക്ഷം കാര്യങ്ങൾ കൂടുതൽ വഷളാകും.

റിപ്പോർട്ട് അനുസരിച്ച്, ഒരു നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ 360 വൺ പ്രൈം, 15 ശതമാനത്തിൽ കൂടുതൽ നിരക്കിൽ 2,500 കോടി രൂപ വാഗ്ദാനം ചെയ്യുന്നുണ്ട്.

2024 ഫെബ്രുവരി 27 -നാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡിന്റെ റിലയൻസ് ക്യാപിറ്റലിനായുള്ള 9,650 കോടി രൂപയുടെ റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചത്. ഇടപാട് പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശവും അനുവദിച്ചിരുന്നു.

കമ്പനിയിലെ ഭരണ പ്രശ്നങ്ങളും, പേയ്മെന്റ് ഡിഫോൾട്ടുകളും കണക്കിലെടുത്ത് 2021 നവംബറിലാണ് റിസർവ് ബാങ്ക് റിലയൻസ് ക്യാപിറ്റലിന്റെ ബോർഡിനെ മാറ്റിയത്.

തുടർന്ന് സെൻട്രൽ ബാങ്ക് നാഗേശ്വര റാവു വൈയെ അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

ഇദ്ദേഹമാണ് 2022 ഫെബ്രുവരിയിൽ കമ്പനിക്കായി ബിഡ്ഡുകൾ ക്ഷണിച്ചത്.