അമ്പത് ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി
September 29, 2018ന്യൂയോര്‍ക്ക്: അമ്പത് ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ‘വ്യൂ ആസ്’ എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോയെന്നു ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നു. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല. ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, സോഫ്റ്റ് വെയര്‍ ബഗ് വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ സെറ്റിംഗ്സില് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ഫെയ്സ്ബുക്കിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.