എഐ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

എഐ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

August 26, 2023 0 By BizNews

ന്യൂഡല്‍ഹി: ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയെക്കുറിച്ച് താന്‍ ആവേശഭരിതനാണെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ. ഇത് കമ്പനികളെയും സമ്പദ്വ്യവസ്ഥകളെയും വേഗത്തില്‍ വളരാന്‍ സഹായിക്കും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പലമടങ്ങ് വളര്‍ത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ശക്തിയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഉദ്യോഗ്‌സഥന്‍ പറഞ്ഞതായി കൃഷ്ണ വെളിപെടുത്തി.

സാമ്പത്തിക ഉല്‍പാദനം മെച്ചപ്പെടുത്തുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ സ്വാധീനം ചെലുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രൊഡക്ടിവിറ്റി കമ്മീഷണര്‍ മൈക്കല്‍ ബ്രണ്ണന്‍ തന്നെ അറിയിച്ചു. പാശ്ചാത്യ ലോകം ഉല്‍പാദനക്ഷമത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ശുഭസൂചനയാണിത് കൃഷ്ണ അറിയിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എഐ) താഴ്ന്ന തലത്തിലുള്ള വൈജ്ഞാനിക ജോലികള്‍ ഏറ്റെടുക്കാനും അവ നിര്‍വഹിക്കാനും കഴിയും, ബി 20 സമ്മിറ്റ് ഇന്ത്യ 2023 ല്‍ സംസാരിക്കവെ കൃഷ്ണ പറഞ്ഞു. അതിനായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്വര്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. അത്തരത്തില്‍ ഉത്പാദനക്ഷമത, പ്രതിശീര്‍ഷ ജിഡിപി എന്നിവ ഉയര്‍ത്താം.

അതേസമയം സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിലാണ് ഐബിഎം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.