റിലയന്‍സ് റീട്ടെയ്ല്‍ ഓഹരി മൂലധനം കുറയ്ക്കുന്നു

റിലയന്‍സ് റീട്ടെയ്ല്‍ ഓഹരി മൂലധനം കുറയ്ക്കുന്നു

July 7, 2023 0 By BizNews

ന്യൂഡല്‍ഹി: അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ലിലെ ഇക്വിറ്റി ഷെയര്‍ കാപിറ്റല്‍ കുറയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) തീരുമാനിച്ചു. ഇതിനുള്ള അനുമതി ആര്‍ഐഎല്‍ ഡയറക്ടര്‍ ബോര്‍ഡ് നല്‍കി. പ്രമോട്ടറും ഹോള്‍ഡിംഗ് കമ്പനിയും ഒഴികെയുള്ള ഓഹരിയുടമകളുടെ കൈവശമുള്ള അത്രയും ഓഹരികള്‍ കുറയ്ക്കാനാണ് അനുമതി.

മൂലധനം കുറയ്ക്കുന്നതിന്റെ ഭാഗമായി അത്തരം ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരി കുറയ്ക്കും. ഇതിനായി ഒരു ഓഹരിയ്ക്ക് 1362 രൂപ കമ്പനി നല്‍കും. സ്വതന്ത്ര മൂല്യനിര്‍ണ്ണയ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരിയുടെ വില നിശ്ചയിച്ചത്.

മൂലധനം കുറയ്ക്കുന്നത് 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 66 ന് അനുസൃതമായിരിക്കും. കൂടാതെ പ്രത്യേക പ്രമേയത്തിലൂടെയും മുംബൈ ബെഞ്ചിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിന്ന് അനുമതിയും സ്ഥിരീകരണവും നേടുന്നതിലൂടെയും കമ്പനി അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായിരിക്കും നടപടി. ഇതിനായി ഓഹരി ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കും.

മൂലധനം കുറയുന്നതോടെ കമ്പനിയിലെ ഓഹരികളുടെ എണ്ണം കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ആര്‍ഐഎല്ലിന്റെ സ്റ്റെപ്പ്-ഡൗണ്‍ അനുബന്ധ സ്ഥാപനമാണ്.