പുതിയ എഐ മോഡല്‍ നിര്‍മ്മിക്കാന്‍ സോഹോ, ശ്രീധര്‍ വെമ്പു മേല്‍നോട്ടം വഹിക്കും
June 14, 2023 0 By BizNewsന്യൂഡല്‍ഹി: ഓപ്പണ്‍ എഐയുടെ ജിപിടി, ഗൂഗിളിന്റെ പിഎല്‍എം 2 മോഡലുകള്‍ക്ക് സമാനമായി, ഇന്ത്യന്‍ സോഫ്റ്റ്വെയര്-ആസ്-എ-സര്‍വീസ് (സാസ്) ഭീമന്,സോഹോ സ്വന്തമായി എഐ ഭാഷാ മോഡല്‍ (എല്‍എല്‍എം) നിര്‍മ്മിക്കുന്നു. സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പുവാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ഹ്രസ്വകാലത്തില്‍ ചാറ്റ്ജിപിടിയുമായി ഇന്റഗ്രേഷനുണ്ടാക്കി. എന്നാല്‍ പുതിയ ജോലികള്‍ സംഗ്രഹിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ള, സ്വന്തമായ ലാംഗ്വേജ് മോഡല്‍ ഇപ്പോള്‍ തങ്ങള്‍ നിര്‍മ്മിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല, സോഹോ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് പ്രവല്‍ സിംഗ് ഡല്‍ഹിയില്‍ പറഞ്ഞു.
ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്ട്ട്മാന് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സോഹോ എല്‍എല്‍എമ്മുകള്‍ നിര്‍മ്മിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. 10 മില്യണ്‍ ഡോളര്‍ ധനസഹായമുള്ള ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന എല്‍എല്‍എം സൃഷ്ടിക്കുക എന്നത് അസാധ്യമാണെന്ന് ആള്ട്ട്മാന് പറഞ്ഞിരുന്നു.