അനധികൃത വാണിജ്യ സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ട്രായ് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നു
June 14, 2023 0 By BizNewsന്യൂഡല്‍ഹി: അനധികൃതമായി വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടു. ഇത്തരം വാണിജ്യ സന്ദേശങ്ങള്‍ തടയാനായി നിര്‍മ്മിത ബുദ്ധി (എഐ)യുടേയും മെഷ്യന് ലേണിംഗിന്റെയും (എംഎല്) സഹായം തേടണം. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ടെലികോം റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തതും സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ വാണിജ്യ ആശയവിനിമയത്തിനായി പത്ത് അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങളെയാണ് അനധികൃത ടെലിമാര്ക്കറ്ററുകള് (യുടിഎം) എന്ന് വിളിക്കുന്നത്, അതോറിറ്റി വിശദീകരിച്ചു.
ഇത്തരം സന്ദേശങ്ങള്‍ തടയാന്‍ ട്രായ് ഇതിനകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ പരാതികളില്‍ കുറവുണ്ടായെങ്കിലും അനാവശ്യ വാണിജ്യ ആശയവിനിമയം (യുസിസി) ഇപ്പോഴും തുടരുന്നു. ഈ ഘട്ടത്തിലാണ് ട്രായ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്.
യുടിഎമ്മുകളെ തിരിച്ചറിയുന്നതിനും അവയ്ക്കെതിരെ നടപടിയെടുക്കുന്നതിനുമായി, ട്രായ് ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ്, 2018 ചട്ടക്കൂടിനുള്ളില്‍ ‘UCC_Detect സിസ്റ്റം’ നടപ്പാക്കാന്‍ സേവന ദാതാക്കളെ പ്രേരിപ്പിച്ചു.
സേവന ദാതാക്കള്‍ നവീന സംവിധാനങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും,യുടിഎമ്മുകള് തുടര്‍ച്ചയായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ്. നിലവിലെ സംവിധാനങ്ങള്‍ക്ക് പിടികൊടുക്കാത്ത സങ്കേതകങ്ങളാണ് യുടിഎമ്മുകള് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നിര്‍മ്മിത ബുദ്ധി ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ ട്രായ് സമ്മര്‍ദ്ദം ചെലുത്തുന്നു.