ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

September 19, 2018 0 By

കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം ഇതിനോടകം പലര്‍ക്കും ജോലി നഷ്ടമായി. പിരിഞ്ഞുപോകാന്‍ തയ്യാറല്ലാത്ത വനിതകള്‍ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്.മറ്റു കമ്പനികളില്‍നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ ഐഡിയയിലും വോഡഫോണിലും എത്തിയവര്‍ പലരും ഇപ്പോള്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ്.

ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 4,5005,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 70,000 കോടി രൂപയുടെ ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഇത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോയുമായി ടെലികോം രംഗത്ത് ഇറങ്ങിയതോടെ മത്സരം രൂക്ഷമായി. ഐഡിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികളുടെ നിലനില്‍പ്പു പോലും ഭീഷണിയായി മാറിയതോടെയാണ് ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചത്.

ലയനത്തിനു മുന്നോടിയായി മാസങ്ങളായി ഇരു കമ്പനികളും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരുന്നു. മാത്രമല്ല, ഒഴിഞ്ഞുകിടന്ന സ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ ഒട്ടേറെ ജീവനക്കാര്‍ ഇരു കമ്പനികളില്‍ നിന്നുമായി പിരിഞ്ഞുപോയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍.

കമ്പനിയുടെ തലപ്പത്തുള്ളവരെയടക്കം ഇപ്പോള്‍ പിരിച്ചുവിടുന്നുണ്ട്. രണ്ടു കമ്പനിയായിരുന്നപ്പോള്‍ ഓരോ സര്‍ക്കിളിലും മേധാവികളുണ്ടായിരുന്നു. കമ്പനി ഒന്നാകുന്നതോടെ രണ്ടു മേധാവിക്കു പകരം ഒരാള്‍ മതിയെന്ന അവസ്ഥയുണ്ട്. അതുപോലെ അഡ്മിനിസ്‌ട്രേഷന്‍, എച്ച്.ആര്‍. എന്നിവയടക്കമുള്ള വിഭാഗങ്ങളിലും ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. ഇരു കമ്പനിയിലെയും ജീവനക്കാരെ തുല്യരായി തന്നെ കാണുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, അങ്ങനെയല്ലെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം പറയുന്നത്.

ലയനം പൂര്‍ത്തിയാകുന്നതോടെ, ഓഫീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഓഫീസ് വാടകച്ചെലവില്‍ കാര്യമായ കുറവ് ലക്ഷ്യമിടുന്നുണ്ട്.