വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ചിലിയും

വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ചിലിയും

May 13, 2025 0 By BizNews

ദില്ലി: ഇന്ത്യയും ചിലിയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള നിബന്ധനകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സാമ്പത്തിക വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വ്യാപാര കരാർ.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നാണ് ഇന്ത്യ-ചിലി സ്വതന്ത്ര വ്യാപാര കരാർ അറിയപ്പെടുന്നത്. മെയ് 26 മുതൽ 30 വരെ ദില്ലിയിൽ ഇന്ത്യ- ചിലി ആദ്യ റൗണ്ട് ചർച്ചകൾ നടക്കും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയും ചിലിയും തമ്മിൽ ഇതിനകം തന്നെ മുൻഗണനാടിസ്ഥാനത്തിലുള്ള ഒരു വ്യാപാര കരാർ നിലവിലുണ്ട്, 2006 ലാണ് ഇരു രാജ്യങ്ങളും അതിൽ ഒപ്പുവെച്ചത്. നിലവിലുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങൾ സിഇപിഎ (സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ) നിർമ്മിക്കുക.

2016 സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും പ്രിഫറൻഷ്യൽ ട്രേഡ് കരാറിൽ ഒപ്പുവെച്ചിരുന്നു. 2017 മെയ് 16 മുതൽ ഇത് പ്രാബല്യത്തിൽ വന്നു, 2019 ഏപ്രിലിൽ, ഇരു രാജ്യങ്ങളും മൂന്ന് റൗണ്ട് ചർച്ചകളോടെ, പി.ടി.എ.യുടെ കൂടുതൽ വിപുലീകരണം നടത്തിയിരുന്നു.

ഡിജിറ്റൽ സേവനങ്ങൾ, എംഎസ്എംഇ, നിക്ഷേപങ്ങൾ, എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളിൽ പ്രാധാന്യമർഹിക്കുന്നവയാണ്.

ഏപ്രിലിൽ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ചിലി പ്രസിഡന്റ് ഇരു രാജ്യങ്ങളും സംയുക്തമായി ഒരു വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അന്നത്തെ കൂടികാഴ്ചയ്ക്ക ശേഷം, ചിലിയെ “അന്റാർട്ടിക്കയിലേക്കുള്ള കവാടം” ആയിട്ടാണ് ഇന്ത്യ കാണുന്നതെന്നും നിർണായക ധാതുക്കൾ, കൃഷി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, റെയിൽവേ, ബഹിരാകാശം എന്നിവയിലായിരിക്കും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.