നിരക്ക് വർധിപ്പിച്ച് തപാൽ വകുപ്പ്; ഇനി കൂടുതലും ലഭിക്കുക പ്രീമിയം സേവനങ്ങൾ
December 20, 2024 0 By BizNewsകൊച്ചി: പോസ്റ്റ് ഓഫീസ് (തപാൽ വകുപ്പ്) വഴി ലഭിക്കുന്ന സേവനങ്ങളിൽ അടിമുടി മാറ്റം. ഇനി കൂടുതലും പ്രീമിയം സേവനങ്ങളായിരിക്കും ലഭിക്കുക. 2026-ഓടെ രാജ്യത്തെ മൊത്തം പാഴ്‌സലുകളിൽ 15 ശതമാനം പോസ്റ്റ് ഓഫീസ് വഴി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിലവിൽ 2-4 ശതമാനം പാഴ്‌സലുകളാണ് പോസ്റ്റ് ഓഫീസ് കൈകാര്യം ചെയ്യുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്‌സലുകളും സേവനങ്ങളും ഇനി ലഭിക്കില്ല. രജിസ്‌ട്രേഡ്, ബിസിനസ് പാഴ്‌സലുകളാണ് ഇനിമുതൽ ലഭിക്കുക. ഇവയുടെ നിരക്കുകളിലും ഉടനെ മാറ്റം വരും.
രജിസ്‌ട്രേഡ് കത്തുകളുടെ ഭാഗം 500 ഗ്രാമിലേക്ക് ചുരുക്കി. മുൻപ് 2,000 ഗ്രാം വരെയുള്ളവ രജിസ്‌ട്രേഡ് കത്തുകളായി അയക്കാമായിരുന്നു. 500 ഗ്രാമിനു മുകളിൽ വരുന്നവ രജിസ്‌ട്രേഡ് പാഴ്‌സൽ വിഭാഗത്തിൽ വരും.
മാസികകളും മറ്റ് പ്രസിദ്ധീകരണങ്ങളും പോസ്റ്റ് വഴി അയക്കുന്ന രജിസ്‌ട്രേഡ് ബുക്ക് പാക്കറ്റ് സേവനവും പോസ്റ്റ് ഓഫീസ് നിർത്തലാക്കി. ഇനിമുതൽ ബുക്ക്് പോസ്റ്റ് എന്ന പേരിലാകും സേവനം. ഇതോടെ വിലയും ഉയരും.
ബുക്ക് പോസ്റ്റിന് 50 ഗ്രാമിന് 4 രൂപയാണ് നിരക്ക്. കൂടാതെ, രജിസ്‌ട്രേഡ് പാറ്റേൺ ആൻഡ് സാംപിൾ പാക്കറ്റ് സേവനവും ഇനി ഉണ്ടാകില്ല.
ഇലക്‌ട്രോണിക് മണി ഓർഡർ പരിധി 5000 രൂപ ആയിരുന്നു. പുതിയ മാറ്റം പ്രകാരം 10,000 രൂപയിലേക്ക് ഉയർത്തി. കൂടാതെ, പോസ്റ്റൽ ഓർഡറുകൾ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്ന രീതിയിലാക്കി. 10 രൂപയിൽ താഴെയുള്ള പോസ്റ്റൽ ഓർഡറുകൾ നിർത്തലാക്കി.
ഇനിമുതൽ രജിസ്‌ട്രേഡ് പീരിയോഡിക്കൽ എന്നത് പീരിയോഡിക്കൽ പോസ്റ്റ്, രജിസ്‌ട്രേഡ് പാഴ്‌സൽ എന്നത് ഇന്ത്യ പോസ്റ്റ് പാഴ്‌സൽ റീട്ടെയ്ൽ, ബിസിനസ് പാഴ്‌സൽ എന്നത് ഇന്ത്യ പോസ്റ്റ് പാഴ്‌സൽ കോൺട്രാക്ച്വൽ, വി.പി.പി. സേവനം എന്നത് സി.ഒ.ഡി. റീട്ടെയ്ൽ എന്നീ പുതിയ പേരുകളിലാകും സേവനം ലഭിക്കുക.
വിദേശത്തേക്ക് കത്തുകളും പോസ്റ്റ് കാർഡുകളും പാക്കറ്റുകളും അയക്കാനുള്ള നിരയ്ക്കും ഉയർത്തിയിട്ടുണ്ട്. കൂടാതെ, പോസ്റ്റ് ഓഫീസ് കാഷ് കൗണ്ടറുകളുടെ സമയം കൂട്ടാനും നിർദേശമുണ്ട്.