ചാറ്റ്ജിപിടി സെര്‍ച്ച് എല്ലാവര്‍ക്കും സൗജന്യമാക്കി ഓപ്പണ്‍എഐ
December 20, 2024 0 By BizNewsകാലിഫോര്‍ണിയ: ഓപ്പൺഎഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതല്‍ ലഭ്യം. തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് ഓപ്പണ്‍എഐ ഈ പ്രഖ്യാപനം നടത്തിയത്.
മുമ്പ് ചാറ്റ്ജിപിടിയുടെ ഈ ഫീച്ചര്‍ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ റോൾഔട്ട് അനുസരിച്ച് ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്‌സസ് ചെയ്യാനാകും. ഇതിന് പുറമെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനും ഉപഭോക്താക്കള്‍ക്കാകും.
ഓപ്പൺ എഐ ആദ്യമായി ചാറ്റ്ജിപിടി സെർച്ച് ആരംഭിച്ചത് 2024 നവംബറിലാണ്. സെർച്ച് എഞ്ചിൻ ഡെവലപ്പ് ചെയ്യുന്നത് തുടരുമെന്നും അത് വിപുലമായ വോയ്‌സ് മോഡിലേക്ക് മാറ്റുമെന്നും ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കുമെന്നും കമ്പനി ലോഞ്ച് സമയത്ത് അറിയിച്ചിരുന്നു.
ഈ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപ്പണ്‍എഐ ഇപ്പോള്‍ സെർച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ് ഓപ്പണ്‍എഐയുടെ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
പരമ്പരാഗത സെർച്ച് എഞ്ചിനുകൾക്ക് എഐ അധിഷ്ഠിത ബദൽ വാഗ്ദാനം ചെയ്യുന്നതിലൂടെ ഓപ്പൺഎഐ ഇന്‍റര്‍നെറ്റിലെ തിരയല്‍ അനുഭവത്തെ പുനർനിർവചിക്കുകയാണ്. ഓപ്പൺഎഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ടിന്‍റെ വിപുലമായ വോയ്‌സ് മോഡിലേക്ക് ലൈവ് വീഡിയോ, സ്‌ക്രീൻ ഷെയറിങ് സെറ്റിങ്സും ഇപ്പോള്‍ അവതരിപ്പിച്ചു.
ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി ചാറ്റ് വിൻഡോയുടെ താഴെ ഇടതുവശത്ത് ഒരു വീഡിയോ ഐക്കൺ കാണാനാകും. വീഡിയോ ആരംഭിക്കാൻ അത് ക്ലിക്ക് ചെയ്യാം. സ്‌ക്രീൻ ഷെയറിംഗിനായി, ത്രീ-ഡോട്ട് മെനുവിൽ ഒരു ലളിതമായ ടാപ്പ് “സ്‌ക്രീൻ ഷെയർ ചെയ്യുക” ഓപ്ഷനും പ്രത്യക്ഷപ്പെടും.
ചാറ്റ്ജിപിടിയുടെ ഐഒഎസ്, ആൻഡ്രോയ്‌ഡ് മൊബൈൽ ആപ്പുകളിൽ പുതിയ ഫീച്ചർ ഇപ്പോൾ ആക്‌സസ് ചെയ്യാവുന്നതാണ്. ജനുവരിയിൽ ചാറ്റ്ജിപിടി എൻ്റർപ്രൈസ്, എഡ്യൂ വരിക്കാർക്കായി ഇത് ലഭ്യമാക്കും. എന്നിരുന്നാലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിൽ ചാറ്റ്ജിപിടിയുടെ വിപുലമായ വോയ്‌സ് മോഡ് ഇപ്പോള്‍ ലഭ്യമാകില്ല.