‘ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

‘ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

December 20, 2024 0 By BizNews
'Bhrath rice' is back; This time only Rs 22 per kg

കോട്ടയം: നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു. തുടക്കത്തിൽ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻ വിലക്കുറവുണ്ട്.

ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരി ഇപ്പോൾ 22 രൂപയ്ക്കാണ് വിൽക്കുന്നത്. മുന്പത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വിൽപ്പന. പുഴുക്കലരിയാണിത്.

ഓരോ ജങ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽക്കുന്നത്. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻ.സി.സി.എഫിലൂടെയാണ് വിൽപ്പന.

ആദ്യഘട്ടത്തിൽ കേരളത്തിൽ ഗോതന്പ് വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല. ഇക്കുറി വൻകിട കമ്പനികൾക്ക് ക്വട്ടേഷൻ നൽകി ഗോതന്പ് വാങ്ങാൻ അവസരമുണ്ട്. ഓൺലൈൻ പ്ളാറ്റ്ഫോമായ ‘വാല്യുജങ്ഷനി’ൽ രജിസ്റ്റർ ചെയ്തു വേണം ടെൻഡറിൽ പങ്കെടുക്കാൻ.

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടുവരെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാം.
അളവിന്റെ കാര്യത്തിൽ എഫ്.സി.ഐ.യാണ് അന്തിമതീരുമാനമെടുക്കുക. എങ്കിലും ഒരു കന്പനിക്ക് കുറഞ്ഞത് ഒരു ടൺ മുതൽ 10 ടൺവരെ േഗാതന്പ് വാങ്ങാൻ അവസരമുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഗോതന്പ് വിലയിൽ നേരിയ വ്യത്യാസമുണ്ടാവും. 25.76 മുതൽ 26.80 വരെയാണ് വിവിധ ജില്ലകളിലെ വില വ്യത്യാസങ്ങൾ.