നിത്യോപയോഗ വസ്തുക്കളുടെ വില വർധിച്ചതോടെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍
November 11, 2024 0 By BizNewsഅടിമാലി: പച്ചക്കറി, പലവ്യഞ്ജനം, കോഴി, ഗ്യാസ് തുടങ്ങി എല്ലാ നിത്യോപയോഗ വസ്തുക്കൾക്കും വില വർധിച്ചതോടെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. ചിക്കന്‍ വിഭവങ്ങള്‍ വിളമ്പി കൈ പൊള്ളുകയാണ്. സവാളയുടെ വിലകൂടി ഉയര്‍ന്നതോടെ പ്രതിസന്ധി അതിരൂക്ഷമായി.
വില വർധന രൂക്ഷമായതോടെ ഹോട്ടലുകളില്‍നിന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കി തുടങ്ങി. 135 രൂപയ്ക്കു മുകളിലാണ് ഞായറാഴ്ച കോഴിയുടെ വില. തൂവല്‍ കളഞ്ഞ് കോഴി ഇറച്ചി മാത്രമാണെങ്കില്‍ 220 മുതല്‍ 240 രൂപ വരെ നല്‍കണം.
കോഴി വില വര്‍ധനയില്‍ പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതിയാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. കോഴിക്കൊപ്പം പാചകവാതകത്തിനും സവാള ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ നടത്തിപ്പ് നഷ്ടക്കച്ചവടമായി.
കഴിഞ്ഞ മാസം 50 രൂപയുണ്ടായിരുന്ന സവാളയ്ക്ക് നിലവില്‍ 80 രൂപയാണ്. പാചക വാതകത്തിനും അടിക്കടി വില ഉയരുകയാണ്. ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിലവില്‍ നിര്‍വാഹമില്ല.
അല്‍ഫാം, ബ്രോസ്റ്റ്, ഷവായി, മന്തി തുടങ്ങിയ വിഭവങ്ങള്‍ പല ഹോട്ടലുകളിലും നിര്‍ത്തി. കോഴി വിഭവങ്ങള്‍ മാത്രം വില്പന നടത്തിയിരുന്ന പല കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു. കോഴി വിഭവങ്ങളാണ് നോണ്‍വെജ് ഹോട്ടലുകളിലെ പ്രധാന ആകര്‍ഷണം.
ഇതു നല്കാന് കഴിയാത്ത സ്ഥിതിയില്‍ അടച്ചുപൂട്ടുക മാത്രമാണ് പോംവഴിയെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. സവാളക്ക് വില വര്‍ധിച്ചതോടെ ഉളളിവട ഹോട്ടലുകളില്‍ കാണാതായി. എത്തപ്പഴത്തിനും വില ഉയര്‍ന്നു നില്ക്കുന്നു.