ഇടിഞ്ഞു താഴുന്നു സ്വർണം, തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു
November 12, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7085 രൂപയായാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായാണ് കുറഞ്ഞത്.
യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.എസിൽ ബോണ്ടുകളുടെ വില ഉയർന്നിരുന്നു. ഇത് ദീർഘകാലത്തേക്ക് സ്വർണത്തെ 2,750 ഡോളറിന് താഴെ നിർത്തുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോമെക്സിന്റെ എക്സ്ചേഞ്ചിൽ ഉൾപ്പടെ സ്വർണവില ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു.
ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വലിയ നേട്ടമുണ്ടായില്ല. ബോംബെ സൂചിക സെൻസെക്സ് 225 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഈ നേട്ടം നിലനിർത്താനായില്ല. 79,725 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. 71 പോയിന്റ് നേട്ടമാണ് ദേശീയ സൂചിക നിഫ്റ്റിയിൽ ഉണ്ടായത്. 24,212 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.