ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി IOS 18.1 ലോഞ്ചിങ് ഒക്ടോബര്‍ 28ന്
October 8, 2024 0 By BizNewsബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഏറ്റവും സവിശേഷ ഫീച്ചറുകളായ ആപ്പിള്‍ ഇന്റലിജന്‍സ് വരുന്നു. ഐഒഎസ് 18.1 അപ്‌ഡേറ്റുകള്‍ ഒക്ടോബര്‍ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഐഒഎസ് 18.1 ഒഎസ് അപ്‌ഡേറ്റിനൊപ്പമാണ് ആദ്യഘട്ട ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ ലഭ്യമാക്കുക.
ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ എത്തും. ഒക്ടോബര്‍ പകുതിയോടെ 18.1 അപ്‌ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 28ന് ഈ അപ്‌ഡേറ്റും എഐ ഫീച്ചറുകളും ഐഫോണ്‍ പ്രേമികള്‍ക്ക് ലഭ്യമായിത്തുടങ്ങും എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പുതിയ ഫീച്ചറിന്റെ വരവോടെ ഐഫോണ്‍ ഉപയോഗം മെച്ചപ്പെടുത്താനും സര്‍ഗാത്മകത കൂട്ടാനും ആപ്പിള്‍ ഇന്റലിജന്‍സ് വഴി കഴിയും.
എഴുതാനും എഡിറ്റ് ചെയ്യാനും കഴിയുന്ന എഐ ഫീച്ചറുകള്‍ ആദ്യഘട്ടത്തില്‍ ഐഫോണുകളിലേക്ക് വരും. ഐഒഎസ് 18 ന്റെ വരും അപ്‌ഡേറ്റുകളില്‍ കൂടുതല്‍ എഐ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെടുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഐഫോണ്‍ 16 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത ആപ്പിള്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. എന്നാല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഇല്ലാതെയാണ് കമ്പനി ഫോണുകള്‍ വില്‍പനയ്‌ക്കെത്തിച്ചത്.
വരുന്ന ഐഒഎസ് 18 അപ്‌ഡേറ്റുകളില്‍ ഘട്ടം ഘട്ടമായാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നായിരുന്നു നേരത്തെ കമ്പനിയുടെ പ്രഖ്യാപനം.
ഡാള്‍-ഇയ്ക്ക് സമാനമായി ടെക്സ്റ്റുകള്‍ നല്‍കിയാല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ടാണ് വരാനിരിക്കുന്ന ഒരു എഐ ഫീച്ചര്‍. ഇത് നോട്ട്സ്, മെസേജസ്, മെയില്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കും.
ഇവയുടെ ഉള്ളടക്കത്തിനൊപ്പം ചിത്രങ്ങള്‍ സൃഷ്ടിക്കാനും ചേര്‍ക്കാനും ഇമേജ് പ്ലേഗ്രൗണ്ട് ടൂള്‍ സഹായിക്കും. ആപ്പിളിന്റെ വോയിസ് കണ്‍ട്രോള്‍ സംവിധാനമായ ചാറ്റ് ജിപിടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിരി പുത്തന്‍ ലുക്കില്‍ ആപ്പിള്‍ ഇന്റലിജന്‍സില്‍ എത്തും.
കൂടുതല്‍ എഐ ഫീച്ചറുകള്‍ ഐഒഎസിന്റെ മറ്റ് അപ്‌ഡേറ്റുകളിലായിരിക്കും ഫോണില്‍ അവതരിപ്പിക്കുക. വിഷ്വല്‍ ഇന്റലിജന്‍സ്, ജെന്‍മോജി, ഓണ്‍ ഡിവൈസ് ഇമേജ് ജനറേറ്റര്‍ പോലുള്ള മറ്റ് എഐ ഫീച്ചറുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒഎസ് അപ്‌ഡേറ്റുകളിലാണ് ഉപകരണങ്ങളിലെത്തുക.
അതായത് ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ തുടങ്ങി വരാനിരിക്കുന്ന പ്രധാന ഒഎസ് അപ്‌ഡേറ്റുകളില്‍ ഒരോന്നിലും ഏതെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുണ്ടാവും.
ബഗ്ഗുകളില്ലാതെ ഫീച്ചര്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനാലാണ് പുതിയ ഫീച്ചറുകള്‍ വൈകിയതെന്നാണ് കരുതുന്നത്.
പ്രൈവറ്റ് ക്‌ളൗഡ് കംപ്യൂട്ടിങ് സെര്‍വറുകള്‍ക്ക് ഉപകരണങ്ങളില്‍ നിന്നുള്ള എഐ ട്രാഫിക് താങ്ങാനാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.