2050 ൽ ഇന്ത്യ 3 ആഗോള വൻശക്തികളിൽ ഒന്നാകും: ടോണി ബ്ലെയർ
October 4, 2024 0 By BizNews2050-ഓടെ യുഎസിനൊപ്പം ചൈനയും ഇന്ത്യയും ആഗോള വൻശക്തികളായി ഉയർന്നു വരുമെന്നും ഇത് പുതിയൊരു ലോകക്രമത്തിന് കാരണമാകുമെന്നും മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്ന് രാജ്യങ്ങൾ രൂപപ്പെടുത്തുന്ന ഒരു മൾട്ടിപോളാർ ലോകവുമായി രാഷ്ട്രങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബ്ലെയർ, നിലവിലെ ആഗോള സ്ഥിതിവിശേഷം തൻ്റെ ഭരണകാലത്തെക്കാൾ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി.
ചൈനയുടെയും ഇന്ത്യയുടെയും ഉയർച്ച ആഗോള രാഷ്ട്രീയത്തെ പുനർനിർമ്മിക്കുകയാണെന്നും ഇത് അന്താരാഷ്ട്ര സഖ്യങ്ങളുടെയും നയതന്ത്ര കൂട്ടായ്മകളുടെയും പുനർമൂല്യനിർണയം ആവശ്യപ്പെടുന്നതായും അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന, ഇന്ത്യ എന്നീ മൂന്ന് മഹാശക്തികളോട് ഒരു പരിധിവരെ തുല്യതയോടെ ഇടപെടാൻ തങ്ങളെ പ്രാപ്തരാക്കുന്ന ശക്തമായ സഖ്യങ്ങൾ ലോകരാഷ്ട്രങ്ങൾ കെട്ടിപ്പടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.