എഫ്‌ഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ നടത്തിയത്‌ 13,431 കോടി രൂപയുടെ വില്‍പ്പന

എഫ്‌ഐഐകള്‍ ഓഗസ്റ്റില്‍ ഇതുവരെ നടത്തിയത്‌ 13,431 കോടി രൂപയുടെ വില്‍പ്പന

August 12, 2024 0 By BizNews

മുംബൈ: ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 13431.49 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌.

രണ്ട്‌ മാസത്തിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും കരടികളുടെ റോളിലേക്ക്‌ മാറുന്നതാണ്‌ കാണുന്നത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഏകദേശം 18,500 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,364.84 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ അറ്റവില്‍പ്പന തുടങ്ങിയത്‌.

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയാണ്‌ ചെയ്‌തത്‌. ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണിലും ജൂലൈയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

അതേ സമയം ജൂണിലും ജൂലായിലുമായി 57,000 കോടി രൂപയില്‍ പരം നിക്ഷേപമാണ്‌ നടത്തിയത്‌. മൊത്തം 22133.94 കോടി രൂപയാണ്‌ അവ 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.

കടപ്പത്ര വിപണിയിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 6261.28 കോടി രൂപയാണ്‌ ഓഗസ്റ്റില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌.

ഈ വര്‍ഷം ഇതുവരെ 97,248.82 കോടി രൂപയാണ്‌ കടപ്പത്ര വിപണിയിയില്‍ നിക്ഷേപിച്ചത്‌.