ഷാർജ റിയൽ എസ്റ്റേറ്റിന് ജൂലൈയിൽ വൻ നേട്ടം
August 12, 2024ഷാർജ: അതിവേഗം വളരുന്ന ഷാർജ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രംഗത്തിന് ജൂലൈയിൽ വൻ നേട്ടം. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലുമായി കഴിഞ്ഞ മാസം മാത്രം വ്യാപാരമൂല്യം 390 കോടി ദിർഹമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പുറത്തുവിട്ട ‘റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പെർഫോമൻസ് റിപ്പോർട്ടി’ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആകെ 4,146 ഇടപാടുകളിലായി 1.38 കോടി ചതുരശ്ര അടി സ്ഥലമാണ് വിൽപന നടന്നത്.
പ്രാദേശികവും അറബ് നാടുകളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപകർക്ക് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല ആകർഷണീയമാണെന്നാണ് മുന്നേറ്റം വ്യക്തമാക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ബഹുമുഖങ്ങളായ നിക്ഷേപ സാധ്യതകൾ, ശക്തമായ അടിസ്ഥാന സൗകര്യം, മികച്ച നിയമനിർമാണം എന്നിവക്കൊപ്പം പുതുതായി എമിറേറ്റിൽ പൊതു, സ്വകാര്യ സംരംഭങ്ങൾ ആരംഭിച്ച റിയൽ എസ്റ്റേറ്റ് പദ്ധതികളും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ജനസംഖ്യയിലെ വർധനവും പ്രവാസികളുടെ വരവ് കൂടിയതും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ മാസത്തെ ആകെ ഇടപാടുകളിൽ 1460 എണ്ണം വിൽപനയും, 385 ഇടപാടുകൾ മോട്ഗേജും ഇനത്തിൽ പെട്ടതാണ്. വിൽപന ഇടപാടുകൾ ആകെ ഇടപാടുകളുടെ 35.2 ശതമാനമാണ്. വിൽപന ഇടപാടുകൾ എമിറേറ്റിലെ 119 പ്രദേശങ്ങളിലായാണ് നടന്നത്.
ഇതിൽ വിവിധ നഗരങ്ങളിലെ താമസ, വാണിജ്യ, വ്യവസായ, കാർഷിക പ്രോപ്പർട്ടികൾ ഉൾപ്പെടും. ഷാർജ സിറ്റിയിലെ മൊത്തം വിൽപന ഇടപാടുകൾ 1304 ആണ്. ഇവിടെ ഏറ്റവും കൂടുതൽ വിൽപന രേഖപ്പെടുത്തിയത് മുവൈല കമേഴ്ഷ്യൽ ഏരിയയിലാണ്. ഇവിടെ 352 ഇടപാടുകൾ നടന്നപ്പോൾ, തിലാൽ ഏരിയയിൽ 145 ഇടപാടുകൾ, റൗദത്ത് അൽ-കർത്ത് ഏരിയയിൽ 127, അൽ ഖാൻ ഏരിയയിൽ 89 ഇടപാടുകൾ എന്നിങ്ങനെ നടന്നു.
ഏറ്റവും ഉയർന്ന വ്യാപാര മൂല്യമുള്ള പ്രദേശവും മുവൈല കമേഴ്ഷ്യൽ ഏരിയയാണ്. എമിറേറ്റിലെ മധ്യമേഖലയിൽ വിൽപന ഇടപാടുകൾ 110ൽ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അൽ ഖാസിമിയ സിറ്റി കേന്ദ്രീകരിച്ചാണ് നടന്നത്. ഖോർഫക്കാനിൽ 26 വിൽപന ഇടപാടുകൾ രേഖപ്പെടുത്തിയപ്പോൾ കൽബ നഗരത്തിൽ 18 വിൽപനയാണ് നടന്നത്.