കൃഷിനാശം കാപ്പി ഉൽപാദനത്തിൽ വൻ ഇടിവുണ്ടാക്കും

കൃഷിനാശം കാപ്പി ഉൽപാദനത്തിൽ വൻ ഇടിവുണ്ടാക്കും

August 12, 2024 0 By BizNews

കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കൃഷിയിടങ്ങളിൽ കഴിഞ്ഞമാസം സംഭവിച്ച വിളനാശം ഉൽപാദത്തിൽ വൻ ഇടിവിന്‌ കാരണമാക്കുമെന്ന് കർഷകർ. വയനാട്ടിൽ ഉൽപാദനം അടുത്ത സീസണിൽ 20 ശതമാനം കുറയുമെന്ന്‌ ആശങ്കപ്പെടുമ്പോൾ കർണാടകത്തിൽ ഇത്‌ 50 ശതമാനം വരെയാവുമെന്നാണ്‌ അവിടെനിന്നുള്ള വിവരം. പ്രതിസന്ധികൾക്കിടയിൽ കൃഷിനാശം സംബന്ധിച്ച്‌ വ്യക്തമായ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ കോഫി ബോർഡ്‌ ഏജൻസിയെ ചുമതലപ്പെടുത്തി.

ഇന്ത്യൻ കാപ്പി ഉൽപാദനത്തിൽ 70 ശതമാനം കർണാടകത്തിലും 20 ശതമാനം കേരളത്തിലുമാണ്‌. രണ്ട്‌ സംസ്ഥാനങ്ങളിലും പിന്നിട്ട മൂന്നാഴ്‌ചകളിലുണ്ടായ അതിശക്തമായ മഴയാണ്‌ കർഷകർക്ക്‌ തിരിച്ചടിയായത്‌. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഏകദേശം 200 ഏക്കർ കാപ്പികൃഷി നശിച്ചതായി കോഫി ബോർഡ്‌. 2023 -24 കാപ്പി വിള വർഷത്തിൽ ഏകദേശം 3.6 ലക്ഷം ടൺ പച്ചക്കാപ്പിയാണ്‌ ഇന്ത്യ ഉൽപാദിപ്പിച്ചത്‌. കാർഷിക മേഖലയിൽ കാപ്പിക്ക്‌ നേരിട്ട തിരിച്ചടി കണക്കിലെടുത്താൽ കഴിഞ്ഞ സീസണിലെ ഉൽപാദനം അടുത്ത വിളവെടുപ്പിൽ പ്രതീക്ഷിക്കാനാവില്ലെന്ന്‌ വ്യക്തം. വയനാട്ടിൽ ഉണ്ടക്കാപ്പി 11,500 രൂപയിലും പരിപ്പ്‌ 37,500 രൂപയിലുമാണ്‌ വിൽപന. ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ പരിപ്പുവില 40,000 രൂപ മറികടക്കാം.

ബ്രസീലിൽ കാലാവസ്ഥയിലെ മാറ്റം അവരുടെ കാപ്പി ഉൽപാദനത്തെ ബാധിക്കും. റോബസ്‌റ്റയും അറബിക്കയും അവിടെ വിളയുന്നുണ്ട്‌. ശക്തമായ മഞ്ഞുവീഴ്‌ച്ചയും മഴയും വരണ്ട കാലാവസ്ഥയുമെല്ലാം ബ്രസീലിയൻ കാപ്പിത്തോട്ടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. മഞ്ഞുവീഴ്‌ച്ച സാധ്യതകളെക്കുറിച്ച്‌ കഴിഞ്ഞ ദിവസം കാലാവസ്ഥ വിഭാഗം പ്രവചിച്ചതോടെ അറബിക്ക കാപ്പി വില ജൂണിന്‌ ശേഷമുള്ള ഉയർന്ന തലത്തിലേക്ക്‌ നീങ്ങി, റോബസ്‌റ്റ കാപ്പി വിലയിലും ഉണർവ്‌ ദൃശ്യമായി.

രാജ്യാന്തര റബർ വിപണിയിലെ ഉണർവ്‌ ഇന്ത്യയിൽ സർവകാല റെക്കോഡിലേക്ക്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില ഉയർത്തി. സംസ്ഥാനത്ത്‌ 2011ൽ രേഖപ്പെടുത്തിയ ക്വിന്റലിന് 24,000 രൂപയുടെ റെക്കോഡാണ്‌ കഴിഞ്ഞവാരം 25,200ലേക്ക്‌ കുതിച്ചുകൊണ്ട്‌ നാലാം ഗ്രേഡ്‌ പുതുക്കിയത്‌. വർഷാരംഭത്തിൽ റബർ വില 19,000 രൂപ മാത്രമായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലും മഴമറ ഒരുക്കി പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ്‌ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ഉൽപാദകർ. ചിങ്ങത്തിൽ കാലാവസ്ഥ തെളിയുന്നതോടെ ടാപ്പിങ്‌ ദിനങ്ങളുടെ എണ്ണം ഉയർത്താനാവും.

കൊച്ചിയിൽ അഞ്ചാംഗ്രേഡ്‌ റബർ 23,200ൽനിന്ന് 24,800ലേക്ക്‌ ഉയർന്നപ്പോൾ ലാറ്റക്‌സ്‌ വില വ്യവസായികൾ 16,500ൽനിന്ന് 16,000ത്തിലേക്ക്‌ ഇടിഞ്ഞു. ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില ഉയർന്നു. ജൂലൈയിൽ 18,500 രൂപയിൽ വിപണനം റബർ ഇതിനകം 20,500 രൂപയായി ഉയർന്നു.

ജാപ്പനീസ്‌ നാണയത്തിലെ ചാഞ്ചാട്ടങ്ങളും ആഗോള ക്രൂഡ്‌ ഓയിൽ വിലയിലെ ഉണർവും ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ വിലയിൽ അതേ വേഗത്തിൽ പ്രതിഫലിച്ചു. ഒസാക്കയിൽ മുൻനിരയിലെ റബർ അവധി വിലകൾ കിലോ 320 എന്നിൽനിന്ന് 332-335 എന്നിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്‌. സിംഗപ്പൂർ, ചൈനീസ്‌ റബർ അവധി നിരക്കുകളും പിന്നിട്ട വാരം വർധിച്ചു. വാരമധ്യം ഫണ്ടുകൾ ലാഭമെടുപ്പിന്‌ നീക്കം നടത്തിയാൽ ഏഷ്യൻ റബർ വിലകളിൽ തിരുത്തൽ സാധ്യത തല ഉയർത്തും.

ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ വിളവെടുപ്പിന്‌ സജ്ജമാകുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ജൂലൈയിൽ ആരംഭിക്കേണ്ട സീസൺ രണ്ട്‌ മാസം വൈകി സെപ്‌റ്റംബറിൽ മാത്രമേ തുടങ്ങൂ. ഇടുക്കി, വയനാട്‌ ജില്ലകളിലെ കർഷകർ തോട്ടങ്ങളിൽ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന തിരക്കിലാണ്‌. മാസത്തിന്റെ രണ്ടാം പകുതിയിൽ മഴ കുറയുമെന്ന കണക്കുകൂട്ടലിലാണ്‌ ഉൽപാദകർ. ആഭ്യന്തര വിദേശ ഡിമാൻഡ് ഏലത്തിനുണ്ട്‌. വാരാന്ത്യം തേക്കടി ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2247 രൂപയിലും മികച്ചയിനങ്ങൾ 2737 രൂപയിലുമാണ്‌.

കുരുമുളകിന്‌ ഉത്തരേന്ത്യൻ ആവശ്യം അൽപം കുറഞ്ഞത്‌ വിലയെ ബാധിച്ചു. വ്യവസായികൾ ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്ത കുരുമുളക്‌ വില കുറച്ച്‌ വിൽക്കാൻ നടത്തിയ നീക്കവും വിപണിയെ ബാധിച്ചു. ഇറക്കുമതി ചരക്കിന്‌ സാന്ദ്രത കുറവായതിനാൽ ആഭ്യന്തര ഡിമാൻഡില്ല. ഹൈറേഞ്ച്‌ മുളക്‌ അന്തർസംസ്ഥാന വാങ്ങലുകാർ താഴ്‌ന്ന വിലക്ക്‌ സംഭരിച്ചു. കൊച്ചിയിൽ അൺ ഗാർബ്ൾഡ്‌ 65,600 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക്‌ ടണിന്‌ 8200 ഡോളർ.

സ്വർണ വില കയറി ഇറങ്ങി. ആഭരണ വിപണികളിൽ പവൻ 51,760 രൂപയിൽനിന്ന് 50,800ലേക്ക്‌ വാരമധ്യം ഇടിഞ്ഞെങ്കിലും പിന്നീട്‌ നിരക്ക്‌ 51,600 രൂപയായി ഉയർന്നു. ന്യൂയോർക്കിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2430 ഡോളർ.