യുവജനതയ്ക്ക് ജോലി നൽകി മുകേഷ് അംബാനി; റിലയൻസിലെ 54% തൊഴിലാളികളും 30 വയസിൽ താഴെയുള്ളവർ
August 8, 2024 0 By BizNewsമുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ച് കമ്പനിയുടെ പ്രധാന്യം വിളിച്ചേതുന്നതാണ്.
ഇന്ത്യ ഇന്ന് അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. ഈ മേഖലയിയും റിലയൻസ് മികച്ചുനിൽക്കുന്നു. റിലയൻസ് ഗ്രൂപ്പിലെ മൊത്തം ജീവനക്കാരിൽ 53.9 ശതമാനത്തോളം പേരും 30 വയസിൽ താഴെ പ്രായം വരുന്നവരാണ്.
മൊത്തം തൊഴിലാളികളിൽ 21.4 ശതമാനം സ്ത്രീ ജീവനക്കാരാണ്. മുൻവർഷം പ്രസവാവധിയിൽ പോയ 98 ജീവനക്കാരും ഈ സാമ്പത്തിക വർഷത്തിൽ വീണ്ടും കമ്പനിക്കൊപ്പം ചേർന്നെന്നു റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
റിലയൻസിൽ ജോലി ചെയ്യുന്ന മൊത്തം 347,362 ജീവനക്കാരിൽ 74,317 പേർ സ്ത്രീകളാണ്. പുതിയതായി കമ്പനിയിലെത്തിയവരിൽ സ്ത്രീകളുടെ എണ്ണം 41,092 ആണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പുതിയ നിയമനങ്ങളിൽ, 81.8 ശതമാനം പേരും 30 വയസിന് താഴെയുള്ളവരാണ്. ഇതിൽ 24 ശതമാനം സ്ത്രീകളാണെന്നു റിലയൻസ് രേഖകൾ വ്യക്തമാക്കുന്നു. റിലയൻസ് റീട്ടെയിലിൽ 1,723 ഭിന്നശേഷിക്കാരായ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 115 ഇന്റേണുകളേയും റിലയൻസ് നിയമിച്ചു.
നിലവിൽ 1,14,948 ജീവനക്കാർ ലിങ്ക്ഡ്ഇൻ വഴി പഠനത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നുവെന്നും, 68,035 ജീവനക്കാർ കോഴ്സറ വഴി സ്വയം നൈപുണ്യം വർധിപ്പിക്കുന്നുവെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിലയൻസിന്റെ വാർഷിക പഠന വികസന പ്രോഗ്രാമായ സ്‌പെക്ട്രം 8.0 -യും കമ്പനി സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി ഏകദേശം 19,000 പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം 100 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 544 ട്രെയിനികളെയും, 115 ഇന്റേൺമാരെയും നിയമിച്ചതായും കമ്പനി വ്യക്തമാക്കി. 2023 നെ അപേക്ഷിച്ച് കമ്പനി വിട്ട ജീവനക്കാരുടെ എണ്ണവും 2024 സാമ്പത്തിക വർഷത്തിൽ കുറവാണ്.
2024 സാമ്പത്തിക വർഷത്തിൽ 1,43,280 പേരാണ് റിലയൻസ് വിട്ടത്. 6,414 ജീവനക്കാർ പിതൃത്വ അവധിയിൽ പോയപ്പോൾ 811 പേർ പ്രസവാവധിയിൽ പോയി.
2024 സാമ്പത്തിക വർഷത്തിൽ റിലയൻസ് ഗ്രൂപ്പ് 28.80 ദശലക്ഷത്തിലധികം വ്യക്തിഗത- മണിക്കൂർ പരിശീലനം നൽകി. മിഷൻ കുരുക്ഷേത്രയ്ക്ക് കീഴിൽ ജീവനക്കാർ 2,726 പുതിയ ആശയങ്ങൾ സമർപ്പിച്ചെന്നും കമ്പനി പറഞ്ഞു.
ബിസിനസ്സ് സൊല്യൂഷനുകൾക്കായി ജീവനക്കാർ അവരുടെ ആശയങ്ങൾ നിർദ്ദേശിക്കുന്ന ഒരു ആന്തരിക കമ്പനി സംരംഭമാണ് മിഷൻ കുരുക്ഷേത്ര.