കൽപാക്കം റിയാക്ടറിൽ ഇന്ധനം നിറയ്ക്കാൻ ഇന്ത്യ
August 1, 2024 0 By BizNewsന്യൂഡൽഹി: ആണവോർജ രംഗത്ത് നിർണായക ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ. കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (പിഎഫ്ബിആർ) ആണവ ഇന്ധനം നിറയ്ക്കാൻ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് അനുമതി നൽകി.
ഇതിന് പിന്നാലെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കും. ഇന്ത്യയുടെ സ്വാശ്രയ ആണവോർജ്ജ പദ്ധതിയ്ക്ക് ഇത് ഒരു നാഴികക്കല്ലാണെന്നും പിഎഫ്ബിആർ സുരക്ഷിതമായ റിയാക്ടറാണെന്നും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാൻ ദിനേഷ് കുമാർ ശുക്ല പറഞ്ഞു.
പ്ലൂട്ടോണിയമാണ് ഇവിടെ ആണവ ഇന്ധനമായി ഉപയോഗിക്കുന്നത്. തോറിയം ആദ്യമായി ആണവോർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയിൽ യുറേനിയത്തിന്റെ പരിമിതമായ ശേഖരം മാത്രമാണുള്ളത്.
പ്രകൃതിദത്ത പ്ലൂട്ടോണിയം ഇല്ലാത്തതിനാൽ അറ്റോമിക് പ്ലാന്റുകളിലാണ് അവ നിർമിക്കുന്നത്. അതേസമയം ഇന്ത്യയിൽ തോറിയത്തിന്റെ വലിയ ശേഖരമുണ്ട്. അതിനാൽ തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സങ്കീർണ്ണമായ സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.
തോറിയം ഇന്ധനമായി ഉപയോഗിക്കാനായാൽ രാജ്യത്തിന് ഊർജ്ജ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാവുമെന്നും ഊർജത്തിന്റെ ‘അക്ഷയപാത്രം’ ആയിരിക്കും അതെന്നും വിദഗ്ദർ വിലയിരുത്തുന്നു.
കൂടുതൽ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. ഇക്കാരണത്താലാണ് അളവറ്റ ഊർജ സ്രോതസായി ഇത്തരം റിയാക്ടറുകളെ കണക്കാക്കുന്നത്. കഴിഞ്ഞ 39 വർഷങ്ങളായി ഒരു ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (എഫ്ബിടിആർ) കൽപ്പാക്കത്ത് പ്രവർത്തിക്കുന്നുണ്ട്.
2003 ലാണ് ഇന്ത്യയിലെ ഏറ്റവും നൂതനമായ ന്യൂക്ലിയർ റിയാക്ടറായ – പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ നിർമിക്കുന്നതിന് ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന് (ഭവിനി) രൂപം നൽകാൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ 20 വർഷക്കാലമായി പിഎഫ്ബിആറിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്രയും സങ്കീർണമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റിയാക്ടർ മറ്റൊരു രാജ്യത്തിനുമില്ല.
ആത്മനിർഭർ ഭാരത് എന്ന ആശയം മുൻ നിർത്തി ഭവിനി പൂർണമായും തദ്ദേശീയമായാണ് പിഎഫ്ബിആർ വികസിപ്പിച്ചെടുത്തത്. 5677 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കിലും അത് മറികടന്ന് 6740 കോടി രൂപയോളം പദ്ധതിക്ക് ചെലവാക്കിയിട്ടുണ്ട്.
എംഎസ്എംഇകൾ ഉൾപ്പടെ 200ൽ അധികം ഇന്ത്യൻ വ്യവസായങ്ങളിൽ നിന്നുള്ള സംഭാവനകളും പദ്ധതിയ്ക്കുണ്ട്. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ റഷ്യയ്ക്ക് ശേഷം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യമാറും.