കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കും
July 18, 2024 0 By BizNewsന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ നികുതി സംബന്ധമായ നിരവധി പ്രതീക്ഷകളാണ് വിദഗ്ധർ പങ്കു വെക്കുന്നത്. വിവിധ തരം എക്സംപ്ഷനുകൾ,ഡിഡക്ഷനുകൾ എന്നിവ ലഭിച്ചേക്കാമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ നികുതി സംബന്ധമായ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെന്നത് പ്രതീക്ഷയുടെ തോത് വർധിപ്പിക്കുന്നു.
പുതിയ നികുതി ഘടനയുടെ ജനകീയവൽക്കരണം: 2020 വർഷത്തിലെ കേന്ദ്രബജറ്റിലാണ് പുതിയ നികുതി ഘടന രാജ്യത്ത് അവതരിപ്പിച്ചത്. അതേ സമയം ഇതിൽ വളരെ പരിമിതമായ എക്സംപ്ഷനുകൾ,ഡിഡക്ഷനുകൾ തുടങ്ങിയവ മാത്രമാണ് നൽകിയത്.
പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ വന്നതോടെ സർക്കാർ പുതിയ നികുതി ഘടനയിൽ നിരവധി മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു. സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുദിക്കുക. ഉയർന്ന ബേസിക് എക്സംപ്ഷൻ പരിധിയായി 3 ലക്ഷം രൂപ നിശ്ചയിക്കുക, വിശാലമായ ടാക്സ് സ്ലാബുകൾ നടപ്പാക്കുക, 5 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ സർചാർജ് 37% എന്ന നിലയിൽ നിന്നും 25% എന്ന തോതിലേക്ക് താഴ്ത്തുക, 7 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്.
നികുതി സ്ലാബുകളുടെ പുനഃക്രമീകരണം: ഈ ബജറ്റിലും പുതിയ നികുതി ഘടനയുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും പഴയ നികുതി ഘടന തെരഞ്ഞെടുക്കുന്നവരെ ആകർഷിക്കുന്ന തരം പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
ടാക്സ് സ്ലാബുകൾ പുനഃക്രമീകരിച്ചോ, വിശാലമാക്കിയോ നികുതി ഘടന കൂടുതൽ ലളിതമാക്കിയേക്കും. നിലവിൽ 15 ലക്ഷം രൂപയിലധികമുള്ള വരുമാനത്തിന് 30% നികുതിയാണുള്ളത്. ഈ പരിധി 20 ലക്ഷത്തിലേക്ക് ഉയർത്താനും സാധ്യതയുണ്ട്.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി വർധന : ശമ്പളവരുമാനക്കാർക്ക് നേട്ടം നൽകുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.
നികുതി ഘടന ലളിതമാക്കുന്നതിനൊപ്പം പുതിയ നികുതി ഘടനയിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തുമെന്നും പ്രതീക്ഷിക്കപ്പടുന്നു.
വിദേശത്തെ ബാങ്കുകളിലേക്ക് നേരിട്ടുള്ള നികുതി റീഫണ്ട് : വിദേശത്തെ ബാങ്കുകളിലേക്ക് ടാക്സ് റീഫണ്ട് നേരിട്ട് ലഭ്യമാക്കുന്ന നടപടികൾ പ്രഖ്യാപിക്കപ്പെടാം.
നോൺ റസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലെങ്കിൽ ഈ സൗകര്യം പ്രയോജനപ്പെടും.