ചന്ദ്രബാബു നായിഡുവിന്റെ സമ്മർദത്തിന് വഴങ്ങി മോദി; 60,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം, പ്രഖ്യാപനം ബജറ്റിൽ
July 11, 2024ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടികാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന് സൂചന. 60,000 കോടി മുതൽമുടക്കിൽ ആന്ധ്രയിൽ ഓയിൽ റിഫൈനറി സ്ഥാപിക്കണമെന്ന നായിഡുവിന്റെ ആവശ്യത്തിനാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയത്.
ബുധനാഴ്ച ഭാരത് പെട്രോളിയം ഉദ്യോഗസ്ഥരുമായി നായിഡു ഇക്കാര്യം ചർച്ച ചെയ്തു. മൂന്ന് സ്ഥലങ്ങളാണ് റിഫൈനറി സ്ഥാപിക്കാനായി പരിഗണിക്കുന്നത്. ശ്രീകാകുളം, മച്ചിലിപട്ടണം, രാമായപട്ടണം എന്നീ സ്ഥലങ്ങളാണ് സജീവ പരിഗണനയിലുള്ളത്. ജൂലൈ 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
ബജറ്റിൽ ഏത് സ്ഥലത്ത് റിഫൈനറി സ്ഥാപിക്കുമെന്നതിൽ പ്രഖ്യാപനമുണ്ടാവില്ല. പരിഗണിക്കുന്ന മൂന്ന് സ്ഥലങ്ങളിലും രണ്ട് മാസത്തോളം പഠനം നടത്തിയാവും എവിടെ റിഫൈനറി സ്ഥാപിക്കുമെന്നതിൽ അന്തിമ തീരുമാനമുണ്ടാവുക. പ്രധാനമന്ത്രിയുമായും പെട്രോളിയം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ നായിഡു റിഫൈനറിയെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
16 എം.പിമാരാണ് നായിഡുവിന്റെ പാർട്ടിക്ക് എൻ.ഡി.എയിൽ ഉള്ളത്. കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ അനിവാര്യമാണ്. അതേസമയം, ഓയിൽ റിഫൈനറിക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്നും ഇതിന് 60,000 കോടി വരെ ചെലവ് വരുമെന്നും പദ്ധതിക്കായി 5,000 ഏക്കർ ഭൂമി വേണ്ടി വരുമെന്നും നായിഡു എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.