കേരള സോപ്പുൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കും
July 11, 2024കൊച്ചി: ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരള സോപ്പ് കടൽ കടക്കുന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡിന്റെ യൂനിറ്റായ കേരള സോപ്സ് നിർമിക്കുന്ന പ്രീമിയം ഉൽപന്നങ്ങളാണ് ഗൾഫ് വിപണിയിലെത്തുന്നത്. കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നതെന്ന് കെ.എസ്.ഐ.ഇ ചെയർമാൻ പീലിപ്പോസ് തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹാൻഡ് വാഷ്, േഫ്ലാർ ക്ലീനർ, ഡിഷ് വാഷ്, ടോയ്ലറ്റ് സോപ്പുകൾ, സാൻഡൽ ടർമറിക് അടക്കമുള്ളവയാണ് പുതുതായി വിപണിയിലെത്തിക്കുന്നത്. രാജ്യത്ത് 3000ത്തോളം ഔട്ട്ലെറ്റുകളിൽ ഇപ്പോൾ ഉൽപന്നങ്ങൾ ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തികവർഷം 803.25 മെട്രിക് ടൺ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. ഇതുവഴി 282.08 ലക്ഷം രൂപയുടെ അറ്റാദായം കമ്പനി കൈവരിച്ചു. ഈ സാമ്പത്തിക വർഷം ഇത് 300 ലക്ഷം ആക്കുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാൽ നിർജീവമായ കമ്പനി 2010ലാണ് കെ.എസ്.ഐ.ഇ ഏറ്റെടുത്തത്. എം.ഡി ബി. രാജീവും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.