തക്കാളി വില സെഞ്ച്വറിയിലേക്ക്; രാജ്യത്ത് പച്ചക്കറി വില ഉയരുന്നു
July 10, 2024ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോ ഗ്രാമിന് 90 രൂപ പിന്നിട്ടു. തലസ്ഥാനമായ ഡൽഹിയിലെ പല മാർക്കറ്റുകളിലും വില 90 രൂപ കടന്നിട്ടുണ്ട്. അസാദ്പൂർ, ഗാസിപ്പൂർ, ഓഖ്ല സാബ്സി മാർക്കറ്റുകളിലെല്ലാം വില 90 പിന്നിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 28 രൂപ മാത്രമുണ്ടായിരുന്ന തക്കാളി വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്.
തക്കാളിക്കൊപ്പം ഉള്ളിയുടേയും ഉരുളക്കിഴങ്ങിന്റേയും വിലയും ഉയർന്നിട്ടുണ്ട്. ഉള്ളിക്ക് കിലോഗ്രാമിന് 40 രൂപയും ഉരുളക്കിഴങ്ങിന്റെ വില 50 രൂപയുമായാണ് ഉയർന്നത്. ബീൻസിന്റേയും കാപ്സിക്കത്തിന്റേയും വില 160 രൂപയായാണ് ഉയർന്നിരിക്കുന്നത്. പച്ചമുളകിന്റെ വില കിലോ ഗ്രാമിന് 200 രൂപയായാണ് ഉയർന്നത്. മല്ലിയുടെ വിലയും 200ലേക്ക് എത്തി.
അതേസമയം, കനത്ത മഴയിൽ വിളനാശം സംഭവിച്ചതാണ് തക്കാളി വില ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ വിവിധ മാർക്കറ്റുകളിലേക്ക് തക്കാളിയുടെ വരവ് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ലോറികളിൽ ലോഡ് ചെയ്ത തക്കാളി കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ടുണ്ട്.
വേനൽക്കാലത്തും മഴക്കാലത്തും ഉത്തരേന്ത്യയിൽ പൊതുവെ പച്ചക്കറി വില ഉയരാറുണ്ട്. കനത്ത മഴ പെയ്യുകയാണെങ്കിൽ വില ഇനിയും ഉയരും. നിലവിൽ ഉത്തരേന്ത്യയിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈയൊരു സാഹചര്യത്തിൽ വരും ദിവസങ്ങളിലും പച്ചക്കറി വില ഉയരാൻ തന്നെയാണ് സാധ്യത.