ജി.എം.യു വ്യവസായ പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു
July 6, 2024ദുബൈ: ആരോഗ്യമേഖലകളിലെ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ വിശാലമാക്കുന്നതിനും നവീകരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) വ്യവസായ പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു. ജൂലൈ മൂന്നിന് ദുബൈയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന സംഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, എക്സിക്യൂട്ടിവുകൾ, പ്രഫഷനലുകൾ എന്നിവർ പങ്കെടുത്തു.
തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. ദുബൈ, സൗദി അറേബ്യ, ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളും ‘തുംബൈ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും’ ആരംഭിക്കാനുള്ള പദ്ധതികൾ ഡോ. തുംബൈ മൊയ്തീൻ വിശദീകരിച്ചു.
2025 -2026 അധ്യയനവർഷത്തിൽ പുതിയ കോഴ്സുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ പ്രവർത്തനശേഷി ഇരട്ടിയാക്കാൻ അംഗീകൃത പ്രോഗ്രാമുകളുടെ എണ്ണം 45 ആയി ഉയർത്തും. ഇതുവഴി മൂന്നു വർഷത്തിനുള്ളിൽ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നതായി ഡോ. തുംബൈ മൊയ്തീൻ കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഗൾഫ് മെഡിക്കൽ സർവകലാശാല ആരോഗ്യ വിദ്യാഭ്യാസത്തിൽ നവീകരണത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും നിർമിത ബുദ്ധി (എ.ഐ) സംയോജനത്തിലും നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.