കേന്ദ്ര ബജറ്റ് 2024: മൂലധന നേട്ട നികുതിയില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകര്‍

കേന്ദ്ര ബജറ്റ് 2024: മൂലധന നേട്ട നികുതിയില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകര്‍

July 3, 2024 0 By BizNews

രേന്ദ്ര മോദി സർക്കാർ വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കാനിരിക്കെ മൂലധന നേട്ട നികുതിയിൽ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഓഹരി, ഡെറ്റ്, റിയൽ എസ്റ്റേറ്റ് എന്നിവയിലെ നേട്ടത്തിന് നിലവിൽ വ്യത്യസ്ത നികുതി നിരക്കുകളാണ് ബാധകം.

10 ശതമാനം മുതൽ 30 ശതമാനം വരെയാണ് മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യത. ഒരു വർഷം മുതൽ മൂന്നു വർഷംവരെ നിക്ഷേപം കൈവശം വെച്ചാലാണ് ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകുക. ഓരോ നിക്ഷേപ ആസ്തികൾക്കും വ്യത്യസ്ത നികുതി നിരക്കുതന്നെയാണ് ഇവിടെയും.

നിക്ഷേപ കാലയളവിലെ ഏകീകരണവും വ്യത്യസ്ത ആസ്തികൾക്ക് ഒരേനിരക്കും ഏർപ്പെടുത്തി നികുതി വ്യവസ്ഥ യുക്തിസഹമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങൾക്കും സീറോ കൂപ്പൺ ബോണ്ടുകൾക്കും ഒരു വർഷത്തിലധികം കാലം നിക്ഷേപം കൈവശം വെച്ചാൽ ദീർഘ കാല നികുതിയാണ് നിലവിൽ ബാധകം. അതേസമയം, ഡെറ്റ് മ്യൂച്വൽ ഫണ്ട് വഴിയാണ് നിക്ഷേപം നടത്തിയിട്ടുള്ളതെങ്കിൽ ഈ കാലയളവ് മൂന്നു വർഷമാണ്.

ഡെറ്റ് മ്യൂച്വൽ ഫണ്ടിലെ ദീർഘകാല മൂലധന നേട്ട നികുതിക്ക് ബാധകമായ നിക്ഷേപ കാലയളവ് ഒരു വർഷമായി കുറച്ചാൽ ഈ വിഭാഗത്തിലെ നിക്ഷേപകർക്ക് നേട്ടമാകും. അതോടൊപ്പം കടപ്പത്ര നിക്ഷേപങ്ങൾക്ക് സമാനമാകുകയും ചെയ്യും.

കഴിഞ്ഞ ഏപ്രിലിന് ശേഷം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ഇൻഡക്സേഷൻ ആനുകൂല്യം (വിലക്കയറ്റം കിഴിച്ചുള്ള നികുതി) ഒഴിവാക്കിയിരുന്നു.