കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്
July 2, 2024 0 By BizNewsമുംബൈ: അദാനി ഗ്രൂപ്പ് ഓഹരികളില്‍ `ഷോര്‍ട്ട് സെല്‍’ ചെയ്യാന്‍ വേണ്ടി കോട്ടക് മഹീന്ദ്ര ബാങ്ക് ഒരു വിദേശ ഫണ്ട് സ്ഥാപിച്ചതിലൂടെ കൂട്ടുനിന്നുവെന്ന് യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചു. സെബിയുടെ നിരീക്ഷണങ്ങളില്‍ എന്തുകൊണ്ട് കോട്ടക് മഹീന്ദ്രയുടെ പേര് നേരിട്ട് കടന്നുവന്നില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ചോദിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗ് അദാനി ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്താനായി ഉപയോഗിച്ച ഫണ്ട് രൂപീകരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്‌തത് കോട്ടക് മഹീന്ദ്ര ബാങ്ക് ആണെന്നാണ് ആരോപണം.
കെ-ഇന്ത്യ ഓപ്പര്‍ച്ചുണിര്‌റീസ് ഫണ്ട് (കെഎംഐഎല്‍) എന്ന് മാത്രം ഉപയോഗിക്കുന്നതിലൂടെ കോട്ടക്കിന്റെ പേര് മറച്ചുവെക്കുകയാണ് സെബി ചെയ്‌തതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
2017ലെ സെബിയുടെ കോര്‍പ്പറേറ്റ് ഭരണം വിലയിരുത്തുന്ന സമിതിയെ നയിച്ചിരുന്നത് ഉദയ് കോട്ടക്കാണ്. കോട്ടക്കിന്റെ പേര് മറച്ചുവെക്കുന്നതിലൂടെ അദ്ദേഹത്തെ പരിശോധനകളില്‍ നിന്ന് മുക്തനാക്കാനാണ് ശ്രമിച്ചതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു.
അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള തങ്ങളുടെ റിപ്പോര്‍ട്ടിനെ ചൊല്ലി സെബിയില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 47 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് ജൂണ്‍ 27നാണ് ലഭിച്ചത്.
2023 ആദ്യം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആരോപിച്ചുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ ഏകദേശം ഒരു മാസം കൊണ്ട് 60 ശതമാനം ഇടിവാണ് ഉണ്ടായത്.
എന്നാല്‍ അതിനു ശേഷം ഓഹരികളില്‍ കരകയറ്റമുണ്ടായി. മിക്ക അദാനി ഓഹരികളും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് മുമ്പുള്ള വിലയിലേക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തിരിച്ചെത്തി.
സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെ കുറിച്ച് സെബി അന്വേഷണം നടത്തുന്നത്. യുഎസിലെ ഷോര്‍ട്ട് സെല്ലറാണ് ഹിന്‍ഡന്‍ബര്‍ഗ്.