ബന്‍സാല്‍ വയര്‍ ഐപിഒ ജൂലായ്‌ 3 മുതല്‍

ബന്‍സാല്‍ വയര്‍ ഐപിഒ ജൂലായ്‌ 3 മുതല്‍

June 29, 2024 0 By BizNews

മുംബൈ: ബന്‍സാല്‍ വയറിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ മൂന്നിന്‌ തുടങ്ങും. ജൂലായ്‌ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഐപിഒയുടെ ഇഷ്യു വില 243-256 രൂപയാണ്‌. 10 രൂപ മുഖവിലയുള്ള 58 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 10ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഓഹരികളുടെ വില്‍പ്പനയിലൂടെ 745 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പ്രവര്‍ത്ത മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വയര്‍ നിര്‍മാതാക്കളാണ്‌ ബന്‍സാല്‍ വയര്‍. രണ്ടാമത്തെ വലിയ സ്റ്റീല്‍ വയര്‍ നിര്‍മാതാക്കളുമാണ്‌.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ്‌ മാസ കാലയളവില്‍ 1154 കോടി രൂപ വരുമാനവും 39 കോടി രൂപ ലാഭവുമാണ്‌ കമ്പനി കൈവരിച്ചത്‌.