നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 20, 2024 0 By BizNews

ബിഹാർ: ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണമായാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ 17 രാജ്യങ്ങളിലെ എംബസി മേധാവികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകൾ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്. ഏകദേശം 550 വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഇവിടെയുണ്ട്. ഇൻ്റർനാഷണൽ സെൻ്റർ, 2000 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംഫി തിയേറ്റർ, ഫാക്കൽറ്റി ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഇതിലുണ്ട്.

കാമ്പസ് ഒരു ‘നെറ്റ് സീറോ’ കാർബൺ ബഹിർഗ്ഗമനമുള്ള ഹരിത കാമ്പസാണ്. സോളാർ പ്ലാൻ്റ്, ഗാർഹിക, കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ്, മലിനജലം പുനരുപയോഗിക്കുന്നതിനുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാൻ്റ് എന്നിവയും 100 ഏക്കർ ജലാശയങ്ങളും മറ്റ് നിരവധി പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളും ഇവിടെ ഉണ്ട്. ചരിത്രവുമായി സർവ്വകലാശാലയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഏകദേശം 1600 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ യഥാർത്ഥ നളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 2016-ൽ നളന്ദയുടെ അവശിഷ്ടങ്ങൾ യുഎൻ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു