വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണി ഇനി 360 വണ്ണിന് സ്വന്തം; ഇടപാട് 366 കോടിയുടേത്

വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണി ഇനി 360 വണ്ണിന് സ്വന്തം; ഇടപാട് 366 കോടിയുടേത്

June 13, 2024 0 By BizNews

ബെംഗളൂരു: വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണിയെ (ET Money) 365.8 കോടി രൂപയ്ക്ക് വിറ്റഴിച്ച് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്. 360 വണ്‍ വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് (മുമ്പ് ഐഐഎഫ്എല്‍ വെല്‍ത്ത്) ആണ് പ്ലാറ്റ്‌ഫോമിനെ സ്വന്തമാക്കുന്നത്.

ഓഹരി വിപണി ഫയലിംഗിലാണ് കമ്പനി തീരുമാനം വ്യക്തമാക്കിയത്. പണവും, ഓഹരികളും അടങ്ങുന്നതാണ് ഇടപാട് എന്നതാണ് ട്വിസ്റ്റ്.

ഇടി മണി ഇടപാട് വഴി ടൈംസ് ഇന്റര്‍നെറ്റിന് 85.8 കോടി രൂപ ക്യാഷ് ആയി ലഭിക്കും. ഇടപാടിന്റെ ബാക്കി ഭാഗം മുംബൈ ആസ്ഥാനമായുള്ള വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയുടെ ഓഹരികളുടെ രൂപത്തിലാകും.

അതായത് വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയുടെ 3.5 ദശലക്ഷം ഓഹരികള്‍ 779.93 രൂപയ്ക്ക് ഇഷ്യൂ ചെയ്യും. വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയില്‍ നിക്ഷേപം തുടരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് ഇന്റര്‍നെറ്റ് വ്യക്തമാക്കുന്നു.

ഇടപാട് 360 വണിനും, ഇടി മണിക്കും നേട്ടമാകും. ഉല്‍പ്പന്ന സ്യൂട്ട്, ബിസിനസിനെക്കുറിച്ചുള്ള ഡൊമെയ്ന്‍ ധാരണ, പോര്‍ട്ട്ഫോളിയോ ഉപദേശക പരിഹാരങ്ങള്‍, ബ്രോക്കറേജ് സേവനങ്ങള്‍, ക്രെഡിറ്റ് സൊല്യൂഷനുകള്‍ എന്നിവ ഇരുവര്‍ക്കും ഒരു വലിയ ഉപയോക്തൃ അടിത്തറയിലേക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇടി മണി 360 വണ്ണിന്റെ സ്റ്റെപ്പ് ഡൗണ്‍ സബ്സിഡിയറിയായി മാറും. ഇടി മണിക്ക് നിലവില്‍ 9 ലക്ഷത്തിലധികം ഇടപാട് ഉപയോക്താക്കളും, ഒരു ലക്ഷത്തിലധികം വരുമാനം ഉണ്ടാക്കുന്ന ഉപയോക്താക്കളുണ്ട്.

ഇടി മണിയുടെ നേട്ടങ്ങളില്‍ തങ്ങള്‍ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നുവെന്ന് ടൈംസ് ഇന്റര്‍നെറ്റ് വൈസ് ചെയര്‍മാന്‍ സത്യന്‍ ഗജ്വാനി പറഞ്ഞു. 360 വണ്‍ വെല്‍ത്ത് മാനേജ്‌മെന്റിന്റെ പങ്കാളിത്തത്തില്‍ ഇത് കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടി മണി പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കപ്പെട്ട മൊത്തം ആസ്തി ഏകദേശം 28,000 കോടി രൂപയാണ്. അതില്‍ 25,000 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളിലാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മാസം ഏകദേശം 1,200 കോടി രൂപയുടെ (450 കോടിയുടെ എസ്‌ഐപി) മൊത്ത വില്‍പ്പന പ്ലാറ്റ്‌ഫോമില്‍ നടക്കുന്നു. Groww, Zerodha’s Coin, Paytm Money എന്നിവരാണ് വിപണിയിലെ ഇടി മണിയുടെ എതിരാളികള്‍.

ഇടി മണിയുടെ നിക്ഷേപ ഉപദേശക സേവനമായ ഇടി മണി ജീനിയസിന് 76,000 -ലധികം സജീവ പേയിംഗ് അഡൈ്വസറി ക്ലയന്റുകളുണ്ട്. സമ്പന്നര്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോം ആണ് 360 വണ്‍. ഇടി മണികൂടി ചേരുന്നതോടെ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തമാകുമെന്നാണു വിലയിരുത്തല്‍.

360 വണ്‍ മാനേജ്മെന്റ് ഏകദേശം 4.67 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. 7,200 -ലധികം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെയും, അള്‍ട്രാ എച്ച്എന്‍ഐകളുടെയും നിക്ഷേപ- സാമ്പത്തിക ഉപദേഷ്ടാവാണ് ഇവര്‍.

2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 1,565 കോടിയായിരുന്നു. വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 802 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 668 കോടിയായിരുന്നു.