ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

June 7, 2024 0 By BizNews

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ)ന്‌ ബജാജ്‌ ഫിനാന്‍സ്‌ ബോര്‍ഡ്‌ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന്‌ ബജാജ്‌ ഫിനാന്‍സ്‌ ഓഹരി വില ഇന്ന്‌ മൂന്ന്‌ ശതമാനം ഉയര്‍ന്നു. 4000 കോടി രൂപയാണ്‌ ഐപിഒ വഴി ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ സമാഹരിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പനയ്‌ക്കു പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളും ഭാഗികമായി വില്‍ക്കും.

ഈ വര്‍ഷം ഇതുവരെ ബജാജ്‌ ഫിനാന്‍സ്‌ ഓഹരി വില അഞ്ച്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. അതേ സമയം ഇക്കാലയളവില്‍ നിഫ്‌റ്റി നാല്‌ ശതമാനം ഉയര്‍ന്നു. റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശം അനുസരിച്ച്‌ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 2025 സെപ്‌റ്റംബറിന്‌ മുമ്പായി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കണം.

2022ല്‍ 50,000 കോടി രൂപയോ അതിലേറെയോ ആസ്‌തി കൈകാര്യം ചെയ്യുന്ന എന്‍ബിഎഫ്‌സികളുടെ പട്ടിക റിസര്‍വ്‌ ബാങ്ക്‌ പുറത്തുവിട്ടിരുന്നു. ഈ കമ്പനികള്‍ നിര്‍ബന്ധമായും ലിസ്റ്റ്‌ ചെയ്‌തിരിക്കണമെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശം.

2013 ഒക്‌ടോബര്‍ ആറിന്‌ രേഖപ്പെടുത്തിയ 8190 രൂപയാണ്‌ ബജാജ്‌ ഫിനാന്‍സിന്റെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില. 2024 മാര്‍ച്ച്‌ ആറിന്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയായ 6190 രൂപ രേഖപ്പെടുത്തി.

ഇന്നലെ 6925.80 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ബജാജ്‌ ഫിനാന്‍സ്‌ ഇന്ന്‌ 7138 രൂപ വരെയാണ്‌ ഉയര്‍ന്നത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 21.1 ശതമാനം വളര്‍ച്ചയോടെ 3824 കോടി രൂപയാണ്‌ ബജാജ്‌ ഫിനാന്‍സിന്റെ ലാഭം.