ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു
June 6, 2024 0 By BizNewsന്യൂഡൽഹി: റഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു. 2024 മെയിലെ കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളിൽ നിന്നുള്ള മീഡിയം ഗ്രേഡ് ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ഉയർന്നു നിൽക്കുന്നത്.
അതേ സമയം മറ്റൊരു പ്രധാന സപ്ലൈയറായ സൗദി അറേബ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞു. ഉയർന്ന വിലയാണ് കാരണം.
എനർജി ഇന്റലിജൻസ് സ്ഥാപനമായ വോർടെക്സയുടെ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മെയിൽ ഇന്ത്യ ഉയർന്ന വോളിയം ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് നടത്തിയിരിക്കുന്നത്.
പ്രധാനമായും റഷ്യ, ഇറാഖ്,യു.എ.ഇ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഇറക്കുമതി നടത്തിയിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
റഷ്യൻ ഇന്ധനത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സൗദി ക്രൂഡ്, ബാരലിന് 5 ഡോളറിന്റെ വ്യത്യാസമാണുള്ളതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഓയിൽ മാർക്കറ്റിലെ ഡിമാൻഡും അത് വഴി വിലയും ഉയർത്താനാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യമായ സൗദി ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ തുടർച്ചയായി തങ്ങളുടെ ‘അറബ് ലൈ’റ്റ് എന്ന മീഡിയം ഗ്രേഡ് ക്രൂഡിന്റെ ഔദ്യോഗിക വില്പന വില സൗദി ഉയർത്തി നിർത്തിയിരിക്കുകയാണ്.
പ്രധാനമായും ഏഷ്യൻ രാജ്യങ്ങൾക്ക് നൽകി വരുന്ന ക്രൂഡ് ഓയിലിന്റെ വിലയാണ് ഇത്തരത്തിൽ വർധിപ്പിച്ചിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ മാസം റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയിൽ നേരിയ ഇടിവുണ്ടായിരുന്നു. പ്രതിദിനം 1.72 മില്യൺ ബാരലുകളാണ് കുറഞ്ഞിരിക്കുന്നത്.
തൊട്ടു മുമ്പത്ത വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 13% താഴ്ച്ചയാണ്.
മെയ് മാസത്തിൽ, വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പ്രതിദിനം ഇറക്കുമതി നടത്തിയ ക്രൂഡ് ഓയിൽ സംബന്ധിച്ച വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
വോർടെക്സ ഡാറ്റ പ്രകാരമുള്ള കണക്കാണിത്.
റഷ്യ-17,20,675ഇറാഖ്-9,35,580
സൗദി അറേബ്യ-6,06,410
ആകെ ഇറക്കുമതി-45,42,513