കാപ്പി കയറ്റുമതി 10,000 കോടി കടന്നു
May 27, 2024ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ 12.22 ശതമാനം ഉയർന്ന് 128 കോടി ഡോളറി (10,632 കോടി രൂപ)ലെത്തി. 2022ൽ 114 കോടി ഡോളറിന്റേതായിരുന്നു (9470 കോടി രൂപ) കയറ്റുമതി. ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി ഉൽപാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ.
അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങളാണ് രാജ്യത്ത് കൂടുതൽ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പിക്കുരുവിൽ റോബസ്റ്റയെക്കാൾ കഫീൻ കുറവാണ്. അതേസമയം, മധുരവും രുചിയും കൂടുതലാണ്. റോബസ്റ്റ കാപ്പി പൊതുവെ കയ്പ് രുചിയുള്ളതാണ്. ഇറ്റലി, റഷ്യ, യു.എ.ഇ, ജർമനി, തുർക്കി എന്നിവടങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് പ്രധാനമായും കാപ്പി കയറ്റുമതി ചെയ്യുന്നത്.